കൊൽക്കത്ത : ഗുജറാത്തിൽ 100 വർഷത്തോളം പഴക്കമുള്ള തൂക്കുപാലം തകർന്ന് 134 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാലങ്ങളിൽ പരിശോധന നടത്താൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനം. സ്ഥാനത്തെ 2,109 പാലങ്ങളിലാണ് പരിശോധാന. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പുലക് റോയ് മുതിർന്ന ഉദ്യോഗസ്ഥരുമായും എഞ്ചിനീയർമാരുമായും നടത്തിയ ചർച്ചയിൽ പാലങ്ങളുടെ അവസ്ഥ പരിശോധിച്ച് ആവശ്യമായ നിരീക്ഷണങ്ങൾ സഹിതം നവംബർ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയതായി അറിയിച്ചു.
സർവേയിൽ ഏതെങ്കിലും പാലങ്ങളിൽ തകരാർ കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കാൻ മന്ത്രി എഞ്ചിനീയർമാരോട് നിർദ്ദേശിച്ചു. യോഗത്തിൽ, സിലിഗുരിയിലെ കോറോണേഷൻ പാലവും കാങ്‌സബതിക്ക് കുറുകെയുള്ള ബീരേന്ദ്ര സസ്മൽ സേതുവും എത്രയും വേഗം നന്നാക്കാൻ തീരുമാനമെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സാന്ത്രാഗച്ചി പാലത്തിന്റെ അറ്റകുറ്റപ്പണികൾ നവംബർ 10 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാങ്‌സബതി, ശിലാബതി നദികൾക്ക് കുറുകെ രണ്ട് പുതിയ പാലങ്ങൾ നിർമ്മിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. “ഗുജറാത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടതിന് ശേഷം, സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും ആരോഗ്യ പരിശോധന നടത്താൻ ഞങ്ങൾ തീരുമാനിച്ചു.” – ബംഗാളിലെ പൊതുമരാമത്ത് മന്ത്രി പിടിഐയോട് പറഞ്ഞു.
ഒക്ടോബർ 30 ന് വൈകീട്ട് ആറരയോടെയാണ് മോര്‍ബിയിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണത്. ഈ സമയം ഇവിടെ ഒരു ഉത്സവം നടക്കുകയായിരുന്നു. അതിനാല്‍ തന്നെ ധാരാളം പേരും പാലത്തിലുണ്ടായിരുന്നു. നിമിഷങ്ങള്‍ കൊണ്ട് പാലം തകര്‍ന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനോ എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനോ മുമ്പ് തന്നെ നൂറുകണക്കിന് മനുഷ്യര്‍ പുഴയിലേക്ക് തെറിച്ചുവീണുവെന്നും ഇവര്‍ പറയുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് 1879 ൽ നിര്‍മ്മിച്ച പാലം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഈ മാസം 25നാണ് തുറന്നത്. ചരിത്രപ്രാധാന്യമുള്ളതിനാല്‍ തന്നെ ഇവിടത്തെ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണീ പാലം. ദുരന്തത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ദുരന്തത്തിന് കാരണമായ അനാസ്ഥയില്‍ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്നായി ഉയരുന്നത്.