ബംഗളൂരു: പ്രമുഖ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ അടക്കം നാലു പേരെ പിടികൂടി ബംഗളൂരു സെന്‍ട്രല്‍ സിറ്റി ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം. ഖലീം, ഭാര്യ സഭ, ഒബേദ് റാക്കീം, അതീഖ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.വിധവയാണെന്ന് പറഞ്ഞ് സഭയെ വ്യവസായിക്ക് പരിചയപ്പെടുത്തിയത് ഖലീം തന്നെയായിരുന്നു. അടുത്ത ബന്ധം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സംഘം ശ്രമിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. പരിചയപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ വ്യവസായിയുമായി സഭ അടുപ്പം സ്ഥാപിച്ചു. ശാരീരിക ബന്ധത്തിന് വ്യവസായി നിർബന്ധിച്ച് തുടങ്ങിയതോടെയാണ് കുടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി വ്യവസായിയോട് ആര്‍ആര്‍ നഗര്‍ മേഖലയിലെ ഒരു ഹോട്ടലിലേക്ക് വരാന്‍ സഭ ആവശ്യപ്പെട്ടു. മുറി ബുക്ക് ചെയ്യാന്‍ വേണ്ടി ആധാര്‍ കാര്‍ഡുമായി എത്താനാണ് സഭ വ്യവസായിയോട് ആവശ്യപ്പെട്ടത്. സഭയെ വിശ്വസിച്ച് സ്ഥലത്തെത്തിയ വ്യവസായിയുടെ പേരില്‍ മുറി ബുക്ക് ചെയ്തു. തുടര്‍ന്ന് ഇരുവരും ഹോട്ടല്‍ മുറിയില്‍ ചെന്നപ്പോഴാണ്, തങ്ങള്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിയാതിരിക്കാന്‍ ആറു ലക്ഷം രൂപ വേണമെന്ന് സഭ ആവശ്യപ്പെട്ടത്. ഇതിനിടെ സംഘത്തിലെ മറ്റുള്ളവരും മുറിയിലേക്ക് എത്തി. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടെന്ന വിവരം വ്യവസായി അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഭീഷണി തര്‍ക്കത്തിലേക്ക് നീങ്ങിയപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ വിവരം ക്രൈംബ്രാഞ്ച് സംഘത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
ആര്‍ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഖലീമും സഭയും നേതൃത്വം നല്‍കുന്ന തട്ടിപ്പു സംഘം കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായി സംശയമുണ്ടെന്നും അത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.