ബെംഗളൂരു∙ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു മെട്രോ സ്റ്റേഷനും വെള്ളത്തിനടിയിലായി. നല്ലൂർഹള്ളി മെട്രോയുടെ 13.71 കിലോമീറ്റർ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശനിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുരം വരെയുള്ള മെട്രോ പാത 4,249 കോടി രൂപ ചെലവിലാണ് നിർമിച്ചത്.
വെള്ളത്തിനടിയിലായ മെട്രോ സ്റ്റേഷന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാണ്. ചെറിയ മഴയ്ക്ക് ശേഷം ഇതാണ് അവസ്ഥയെങ്കിൽ മൺസൂണിൽ എന്താകുമെന്ന് ചിലർ കമന്റ് ചെയ്തു. ദുരിതത്തിലായ ചില യാത്രക്കാർ സർക്കാരിനെതിരെയും വിമർശനം ഉന്നയിച്ചു. ജോലികൾ കൃത്യമായി പൂർത്തിയാക്കാതെ മെട്രോ സ്റ്റേഷൻ തിടുക്കത്തിൽ തുറന്നെന്നാണ് വിമർശനം.
ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ വിമാന സർവീസുകളും റോഡ് ഗതാഗതവും സ്തംഭിച്ചിരുന്നു. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ 14 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചില വിമാനങ്ങൾ വൈകുകയും ചെയ്തു.