വൃദ്ധരായ ദമ്പതികളോട് ട്രെയിൻ യാത്രയിൽ 20,000 രൂപ പിഴയീടാക്കി. പിന്നാലെ ഐആർസിടിസി നഷ്ടപരിഹാരമായി 40000 രൂപ നൽകണമെന്ന് വിധി. ദമ്പതികൾക്ക് കൺഫേം ടിക്കറ്റുണ്ടായിട്ടും അവരെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി മുദ്ര കുത്തുകയും അവരിൽ നിന്നും പിഴയീടാക്കുകയും ചെയ്തു എന്നായിരുന്നു പരാതി. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ക്കാണ് നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്.
രാജധാനി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ഇവരുടെ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ കൺഫേം ആയിരുന്നു. എന്നാൽ, ഇവർക്ക് സീറ്റ് കിട്ടിയില്ല. മാത്രമല്ല, ടിക്കറ്റില്ലാത്തവർ എന്ന് ആരോപിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ വലിയ മാനസികപ്രയാസവും വൃദ്ധദമ്പതികൾക്ക് ഉണ്ടായി. പിന്നാലെ, എസ്.ഡബ്ല്യു.ആർ ചീഫ് ബുക്കിംഗ് ഓഫീസർ, ഐ.ആർ.സി.ടി.സി ഉദ്യോഗസ്ഥർ എന്നിവർക്കെതിരാണ് ഇവരുടെ മകൻ പരാതി നൽകിയത്.
വൈറ്റ്ഫീൽഡ് നിവാസിയായ അലോക് കുമാർ കഴിഞ്ഞ വർഷം മാർച്ചിലാണ് തന്റെ 77 ഉം 71 ഉം വയസ്സുള്ള മാതാപിതാക്കൾക്കായി ഐആർസിടിസി പോർട്ടൽ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്തത്. 6995 രൂപ അടക്കുകയും ടിക്കറ്റ് കൺഫേം ആവുകയും ചെയ്തു. എന്നാൽ, ടിക്കറ്റ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥൻ ഇവരുടെ പിഎൻആർ നമ്പർ പരിശോധിക്കുകയും അവർക്ക് സീറ്റില്ല എന്ന് പറയുകയും ചെയ്യുകയായിരുന്നു. ഇതുകേട്ട ദമ്പതികൾ ആകെ മനോവിഷമത്തിലായി. കൺഫേം ടിക്കറ്റുകൾ ഉദ്യോഗസ്ഥനെ കാണിച്ചപ്പോൾ അയാൾ അത് വിശ്വസിക്കാൻ തയ്യാറായില്ല. പകരം ടിക്കറ്റില്ല എന്ന് ആരോപിക്കുകയും അവരിൽ നിന്നും 22,300 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ഇതറിഞ്ഞ അലോക് കുമാർ ഉടനെ തന്നെ ഐആർസിടിസി ഹെൽപ്‍ലൈൻ ഉപയോഗിച്ച് ഇമെയിലായി പരാതിയും നൽകി. എന്നാൽ, പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. പിന്നാലെയാണ് ശാന്തിനഗറിലെ ബെംഗളൂരു അർബൻ തേർഡ് അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകുന്നത്. എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ചു. തുടർന്ന് ഇത് യാത്രക്കാർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പ്ലാറ്റ്‍ഫോം മാത്രമാണെന്നും പിഴ ഈടാക്കുന്നതിൽ അതിന് പങ്കില്ലെന്നും ഐആർസിടിസി അഭിഭാഷകൻ വ്യക്തമാക്കിയതിന് പിന്നാലെ കേസ് തള്ളി.
എന്നാൽ, അടുത്തിടെ ഒരു വിധിയിൽ, അലോക് കുമാറിന്റെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി 30,000 രൂപയും
അലോക് കുമാറിന്റെ വ്യവഹാര ചെലവിനായി 10,000 രൂപയും നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിടുകയായിരുന്നു.