ബെംഗളൂരു ∙ ഇന്റർനെറ്റിലൂടെ ഭീഷണി കോളുകൾ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ 7 മലയാളികൾ ഉൾപ്പെടെ 14 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്ന് ആഷിക്ക്, നൗഷാദ്, മുഹമ്മദ് റാഫി, നിംഷാദ്, മലപ്പുറത്ത് നിന്ന് അർഷാദ്, റിയാസ്, നൗഫൽ എന്നിവരെയാണ് ബെംഗളൂരു സൗത്ത് ഈസ്റ്റ് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. 25.47 ലക്ഷം രൂപയുടെ തട്ടിപ്പാണ് പിടിയിലായവർ നടത്തിയത്. അറസ്റ്റിലായവർക്കെതിരെ രാജ്യവ്യാപകമായി 546 കേസുകൾ നിലവിലുണ്ട്. ഫെഡ്എക്സ് കുറിയർ കമ്പനിയുടെ പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ആദ്യം കുറിയർ അയയ്ക്കുകയും പിന്നീട് കുറിയറിൽ ലഹരിമരുന്നുണ്ടെന്ന് പറഞ്ഞ് പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെടുത്താൻ പണം വേണമെന്ന് ആവശ്യപ്പെടുന്നതുമാണ് ഇവരുടെ രീതി.