ന്യൂഡൽഹി: യു.എസ് വിസയില്ലാത്തതിനാൽ 25കാരിക്ക് യാത്ര നിഷേധിച്ച് ഖത്തർ എയർവേയ്സ്. കാനഡയിലെ വാൻകോവറിലേക്കുള്ള യാത്രക്കായാണ് യുവതിയെത്തിയത്. ഖത്തർ എയർവേയ്സ് യാത്രാനുമതി നിഷേധിച്ചതോടെ അവസാന നിമിഷം 1.4 ലക്ഷം രൂപ മുടക്കി ടിക്കറ്റെടുത്താണ് യുവതി കാനഡയിലേക്ക് യാത്ര ചെയ്തത്.
ബംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലാണ് സിമ്രാൻ എന്ന യുവതി യാത്രക്കെത്തിയത്. വാൻകോവറിൽ പഠിക്കാനായിട്ടായിരുന്നു സിമ്രാൻ എത്തിയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ ജനുവരിയിലാണ് ഖത്തർ എയർവേയ്സിന്റെ ക്യു.ആർ 573 വിമാനത്തിൽ 77,000 രൂപ മുടക്കി സിമ്രാൻ ടിക്കറ്റെടുത്തത്. ദോഹയിലെത്തി അവിടെ നിന്നും യു.എസിലെ സിയാറ്റലിലേക്കും പിന്നീട് വാൻകോവറിലേക്കുമായിരുന്നു വിമാനം.
ബുധനാഴ്ച വിമാനത്തിൽ കയറാൻ എത്തിയപ്പോൾ യു.എസ് ട്രാൻസിസ്റ്റ് വിസയില്ലാത്തിന്റെ പേരിൽ അവരെ വിമാനത്തിൽ കയറാൻ ജീവനക്കാർ അനുവദിച്ചില്ല. പിന്നീട് ബ്രിട്ടീഷ് എയർവേയ്സിൽ ലണ്ടൻ വഴി ടോറന്റോയിലേക്ക് അവർ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. ഈ റൂട്ടിൽ ട്രാൻസിസ്റ്റ് വിസ ആവശ്യമല്ല.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ട്രാൻസിസ്റ്റ് വിസയുടെ കാര്യം വിമാനകമ്പനി പറഞ്ഞിരുന്നില്ലെന്നും പിന്നീടുണ്ടായ സംഭവങ്ങളിൽ താൻ അതീവ ദുഃഖിതയാണെന്നും സിമ്രാൻ പ്രതികരിച്ചു. ടിക്കറ്റിന്റെ റീഫണ്ട് തുക നൽകാനുള്ള നടപടികൾ ഖത്തർ എയർവേയ്സ് ആരംഭിച്ചുവെന്നും റിപ്പോർട്ടുണ്ട്.