ആലുവ: കിൻഫ്ര പദ്ധതിക്കുവേണ്ടി പൈപ്പ്ലൈൻ ഇടാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ബെന്നി ബഹനാൻ എം.പി. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമത്തെ തുടർന്ന് 190 എം.എൽ.ഡി ജലം ശുചീകരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിക്ക് വേണ്ടി സർക്കാരിനോട് ആവശ്യപ്പെടുമ്പോൾ അതിന് യാതൊരു പരിഗണനയും കൊടുക്കാതെ നിലവിലുള്ള ജലവിതരണ സംവിധാനത്തെ പോലും ബാധിക്കുന്ന വിധത്തിൽ സ്വകാര്യ കമ്പനിക്ക് വ്യവസായിക ആവശ്യത്തിന് വെള്ളം ഊറ്റാനുള്ള ജനവിരുദ്ധ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. വ്യവസായ പാർക്കിന് ആവശ്യമുള്ള ജലം കടമ്പ്രയാറ്റിൽ നിന്ന് ശുചീകരിച്ച് എടുക്കാനുള്ള ബദൽ നിർദേശത്തെ സർക്കാർ തരിമ്പും പരിഗണിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ കിൻഫ്രാ പൈപ്പ് ലൈൻ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ശക്തമായ ജനാധിപത്യ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ നിർബന്ധിതരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത്, ഉമാ തോമസ് എന്നിവരും വിവിധ രാഷ്ട്രീയ- സാമൂഹിക നേതാക്കളും ജനകീയ സമരസമിതിയുടെയും നേതൃത്വത്തിൽ നടന്ന സമരത്തിൽ പങ്കെടുത്തു. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പണി നിർത്തി വെക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായി. വൻ പൊലീസ് സന്നാഹത്തിന്റെ പിന്തുണയോടെ എടയപ്പുറം തോട്ടുമുഖം റോഡിൽ റോഡ് കുത്തിപ്പൊളിക്കാനുള്ള സംവിധാനവുമായി എത്തിയ ഉദ്യോഗസ്ഥർക്ക് ദൗത്യം മുന്നോട്ടുകൊണ്ടുപോകാനായില്ല.
കിൻഫ്ര പാർക്കിലേക്ക് വ്യാവസായിക ആവശ്യത്തിനു വേണ്ടി പ്രതിദിനം 45 എം.എൽ.ഡി വെള്ളം പെരിയാറിൽ നിന്നും കടത്താനുള്ള നീക്കത്തിനെതിരെയാണ് സമരം നടത്തിയത്. മുമ്പ് ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് പദ്ധതിക്കുവേണ്ടി പൈപ്പ്ലൈൻ ഇടാനുള്ള നീക്കം ആലുവ എടയപ്പുറത്ത് ജനങ്ങൾ തടഞ്ഞത്.
ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, സമരസമിതി ചെയർമാൻ എ.ജി. അജയൻ, തോപ്പിൽ അബു, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എ. മുജീബ്, സാലി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിതാ നൗഷാദ്, കരീംകല്ലുങ്കൽ(വെൽഫയർ പാർട്ടി), സജീബ് (എസ്.ഡി.പി.ഐ) തുടങ്ങിയവർ സംസാരിച്ചു.