2020-ൽ പുറത്തുവന്ന ഒരു ഫ്രഞ്ച് സോഷ്യൽ മീഡിയ ആപ്പാണ് ബിറിയൽ. അലക്സിസ് ബാരിയാറ്റും കെവിൻ പെറോയും ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. തുടക്കത്തിൽ യൂസർമാരിൽ ബിറിയൽ ആപ്പും അതിന്റെ പ്രവർത്തന രീതിയുമെല്ലാം അവ്യക്ത സൃഷ്ടിച്ചെങ്കിലും, 2022-ന്റെ തുടക്കത്തിലും മധ്യത്തിലും ഈ പുതിയ സമൂഹ മാധ്യമ ആപ്പള അതിവേഗം ജനപ്രീതി നേടുകയായിരുന്നു. ട്വിറ്ററും മെറ്റയുടെ ആപ്പുകളും നേരിടുന്ന പ്രതിസന്ധിയും അവർക്ക് ഗുണമായി.
കഴിഞ്ഞ കുറച്ച് മാസങ്ങൾ കൊണ്ട് ‘ബിറിയൽ’ എന്ന ഫ്രഞ്ച് മെയ്ഡ് ഫോട്ടോ ഷെയറിങ് സോഷ്യൽ മീഡിയ ആപ്പ് 73.5 ദശലക്ഷം പ്രതിമാസ യൂസർമാരെ സ്വന്തമാക്കി. കൂടാതെ, പ്രമുഖ ബ്രാൻഡുകളിൽ പോലും താൽപ്പര്യം ജനിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ട്വിറ്ററിലേക്കും ഫേസ്ബുക്കിലേക്കും പോകാൻ മടിച്ച ബ്രാൻഡുകൾ ബിറിയിലലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു.
ആപ്പിളിന്റെ ആപ്പ്സ്റ്റോറും ഗൂഗിളിന്റെ പ്ലേസ്റ്റോറും പ്രഖ്യാപിച്ച 2022ലെ മികച്ച ആപ്പുകളുടെ അവാർഡ്സിൽ ബിറിയൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ആപ്പിൾ ആപ്പ് സ്റ്റോർ അവാർഡ്സിലെ ഏറ്റവും മികച്ച ആപ്പാണ് ബിറിയൽ, ആൻഡ്രോയ്ഡ് ലോകത്തെ ആളുകൾ അവരുടെ ചോയ്സായും ബിറിയലിനെ തെരഞ്ഞെടുത്തു.
എന്താണ് ‘ബിറിയൽ’
പേര് പോലെ ‘യഥാർത്ഥമായിരിക്കുക’ എന്നതാണ് ബിറിയൽ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ ലോഗ്-ഇൻ ചെയ്താൽ യൂസർമാർക്ക് ദിവസവും ഏതെങ്കിലും സമയത്തായി യഥാർഥമായിരിക്കാൻ സമയമായി (‘Time to Be Real’) എന്ന് പറഞ്ഞുകൊണ്ട് ഒരു അറിയിപ്പ് ലഭിക്കും. പിന്നാലെ, ഉപയോക്താവിന് അവർ ആ സമയത്ത് എന്താണോ ചെയ്യുന്നത് അതിന്റെ ഒരു തത്സമയ ചിത്രം പോസ്റ്റുചെയ്യുന്നതിനായി രണ്ട് മിനിറ്റ് വിൻഡോ തുറക്കുകയും ചെയ്യും.
ഫിൽട്ടറുകളും ഫാഷനും വാഴുന്ന ഇൻസ്റ്റഗ്രാമിനെയും സ്നാപ്ചാറ്റിനെയും അപേക്ഷിച്ച് ഒരു ഉപയോക്താവിന്റെ ജീവിതത്തിലെ യഥാർഥവും ഫിൽട്ടർ ചെയ്യാത്തതുമായ ഒരു സ്‌നാപ്പ്ഷോട്ട് പകർത്തി അത് എല്ലാവർക്കുമായി പങ്കുവെക്കുക എന്നതാണ് ബിറിയൽ ഉദ്ദേശിക്കുന്നത്.
ബിറിയൽ തുറക്കുന്ന രണ്ട് മിനിറ്റ് വിൻഡോയിൽ യൂസർമാർ ചിത്രം പോസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. അതേസമയം, വൈകി പോസ്റ്റ് ചെയ്താൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അതിന്റെ അറിയിപ്പ് കാണാൻ സാധിക്കുമെന്ന് മാത്രം.