മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒരുപാട് പണം ചെലവിടേണ്ടി വരുമെന്ന് ചിന്തിക്കുന്നവർ നിരവധിയാണ്. എന്നാൽ പ്രകൃതിദത്തമായ ചില വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽതന്നെ കേശസംരക്ഷണം സാധ്യമാക്കാനാകും. അതിനായി ചില എളുപ്പ വഴികൾ ഇതാ.ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ ഒരു പാത്രത്തിൽ എടുത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. വീര്യം കുറഞ്ഞ ഷാംപൂ, കണ്ടീഷണർ എന്നിവ ഉപയോഗിക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം മുടിയുടെ ആരോഗ്യവും തിളക്കവും വർധിപ്പിക്കാൻ സഹായകരമാണ്.
കുറച്ച് വെള്ളമെടുത്ത് അതിൽ ഒരുപിടി ഉലുവ ഇട്ടശേഷം ഒരു രാത്രി മുഴുവൻ കുതിരാൻ അനുവദിക്കുക. രാവിലെ ഉലുവയും കുതിർക്കാൻ ഉപയോഗിച്ചതിലെ അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്ത് തലയോട്ടിയിലും മുടിയിലും പുരട്ടി അര മണിക്കൂർ വയ്ക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിങ്ങനെ മുടിയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ആണ് ഈ മാർഗം.
വലിയ ഉള്ളിയുടെ നീരിലേക്ക് മൂന്നു നാലു തുള്ളി ലാവൻഡർ ഓയിൽ ചേർത്ത് മിശ്രിതം തയാറാക്കുക. ഈ മിശ്രിതം തലയിൽ പുരട്ടി മസാജ് ചെയ്യണം. 10-15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ കണ്ടീഷണർ എന്നിവ ഉപയോഗിച്ച് കഴുകിക്കളയുക. ശിരോചർമത്തിലെ രക്തയോട്ടം വർധിപ്പിക്കാനും മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും ഇത് ഗുണകരമാണ്. മുടിക്ക് തിളക്കവും ലഭിക്കും. മികച്ച ഫലത്തിന് ആഴ്ചയിൽ രണ്ടുതവണ ചെയ്യാം.