ഓക്‌ലന്‍ഡ് : വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 278 റണ്‍സ് വിജയലക്ഷ്യം. ഓക്‌ലന്‍ഡില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 277 റണ്‍സെടുത്തു. ഇന്ത്യക്കായി യാഷ്‌ടിക ഭാട്യ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍മാരെ കുറഞ്ഞ സ്‌കോറില്‍ നഷ്‌ടമായാണ് ഇന്ത്യന്‍ വനിതകള്‍ തുടങ്ങിയത്. സ്‌മൃതി മന്ഥാന 11 പന്തില്‍ 10ഉം ഷെഫാലി വര്‍മ 16 പന്തില്‍ 12 ഉം റണ്‍സെടുത്ത് പുറത്തായി. ഡാര്‍സീ ബ്രൗണിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. ഓപ്പണര്‍മാര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ആറ് ഓവറില്‍ 28 റണ്‍സ് മാത്രം. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 130 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി യാഷ്‌ടിക ഭാട്യയും ക്യാപ്റ്റന്‍ മിതാലി രാജും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
83 പന്തില്‍ 59 റണ്‍സെടുത്ത യാഷ്‌ടിക ഭാട്യയെയും ഡാര്‍സീ ബ്രൗണ്‍ മടക്കി. മിതാലി രാജ് 96 പന്തില്‍ 68 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് തിളങ്ങാനായില്ല. റിച്ച 14 പന്തില്‍ എട്ട് റണ്‍സെടുത്ത് അലാന കിംഗിന് കീഴടങ്ങി. അതേസമയം അക്കൗണ്ട് തുറക്കും മുമ്പ് സ്‌നേഹ് റാണയെ ജെസ് ജൊനാസന്‍ പറഞ്ഞയച്ചു. 47 പന്തില്‍ 57* റണ്‍സെടുത്ത ഹര്‍മനൊപ്പം പൂജ വസ്‌ത്രകര്‍(28 പന്തില്‍ 34*) പുറത്താകാതെ നിന്നു.