പാലോട് > ബിവറേജസിൻ്റെ പാലോട് പാണ്ഡ്യൻപാറയിലെ ഔട്ട്ലറ്റിൽ ചൊവ്വാഴ്ച മോഷണം നടന്നു. അവധി ദിവസമായിരുന്നതിനാൽ ജീവനക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരനാണ് മുൻ ഭാഗത്തെ പൂട്ട് തകർത്തയായി കണ്ടത്. തുടർന്ന് പാലോട് പൊലീസിൻ്റെ സഹായത്തോടെ പരിശോധന നടത്തിയപ്പോൾ സിസിടിവി യുടെ ഡിവിആറും, മോണിട്ടറും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഒരു ദിവസത്തെ മദ്യം വിറ്റ തുക ലോക്കറിൽ സൂക്ഷിച്ചിരുന്നു. ലോക്കർ തകർക്കാനുള്ള ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കമ്പ്യൂട്ടറിൻ്റെ കേബിളുകൾ ഊരിമാറ്റിയ നിലയിലാണ്. ഒഫിഷ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഒരു ഫോണും നഷ്ടമായിട്ടുണ്ട്. മദ്യ കുപ്പികൾ വിതറിയ നിലയിലാണ്. എത്ര കുപ്പി മദ്യം നഷ്ടപ്പെട്ടു എന്നത് സ്റ്റോക്ക് പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ എന്ന് ജീവനക്കാർ പറഞ്ഞു.
പാണ്ഡ്യൻപാറ വനമേഖലയോട് ചേർന്നാണ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നത്. സമീപത്തായി നിരവധി വീടുകളും വനം വകുപ്പ് ജീവനക്കാരുടെ ക്വാർട്ടേഴ്സും ഉണ്ട്. ഫിംഗർപ്രിൻ്റ് വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരടങ്ങിയ സംഘം പരിശോധന നടത്തി.പാലോട് എസ്ഐ നിസാറുദ്ദീൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.