ഗാന്ധിനഗര്‍: ഗുജറാത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനുള്ള ഭഗവദ്ഗീത പുസ്തകം പുറത്തിറക്കി. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള പുസ്തകമാണ് തയ്യാറാക്കിയത്. അടുത്ത അധ്യയന വര്‍ഷമാണ് ഭഗവദ്ഗീത പഠനം തുടങ്ങുക. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് ഭഗവദ്ഗീത സിലബസില്‍ ഉള്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് സപ്ലിമെന്‍ററി പുസ്തകം തയ്യാറാക്കിയതെന്ന് മന്ത്രി പ്രഫുല്‍ പന്‍ഷെരിയ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യവും സമ്പന്നവും പുരാതനവുമായ സംസ്കാരത്തെ കുറിച്ചറിയാന്‍ ഈ പഠനം വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളില്‍ ധാർമ്മിക മൂല്യങ്ങൾ വളർത്താന്‍ ഈ പുസ്തകം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗീത ജയന്തി ദിനത്തിലാണ് പുസ്തകം പുറത്തിറക്കിയത്. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവും ഉടന്‍ പുറത്തിറക്കും.
സ്കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. പുസ്തകം തയ്യാറാക്കിയത് ഇപ്പോഴാണ്. അതേസമയം നിര്‍ബന്ധിത ഗീത പഠനത്തിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അലഹബാദ് സര്‍വകലാശാലയിലെ കൊമേഴ്‌സ് വിഭാഗം ഈ അക്കാദമിക് വര്‍ഷം ആരംഭിച്ച അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ബിബിഎ – എംബിഎ കോഴ്‌സില്‍ ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുകൾ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ ശാന്തത പാലിക്കാൻ അഷ്ടാംഗ യോഗ പഠിപ്പിക്കും. ഇന്ത്യന്‍ മാനേജ്‌മെന്റ് ചിന്തകള്‍ എന്ന പേപ്പറില്‍ ആത്മീയതയും മാനേജ്‌മെന്റും, സാംസ്‌കാരിക ധാര്‍മികത, മാനുഷിക മൂല്യങ്ങള്‍, അഷ്ടാംഗ യോഗ എന്നിവയാണ് ഉള്‍പ്പെടുത്തിയത്. 26 വിദ്യാര്‍ത്ഥികളുമായി രണ്ട് മാസം മുന്‍പാണ് കോഴ്സ് തുടങ്ങിയത്. ആകെ 10 സെമസ്റ്ററുകൾ ഉണ്ട്.