പത്തനംതിട്ട∙ ഇലന്തൂർ കൊലപാതകക്കേസിലെ പ്രതി ഭഗവല്‍ സിങ് പാര്‍ട്ടി സഹയാത്രികനായിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ.പ്രദീപ്. ചുമതലകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നു. ദമ്പതികളുടെ രീതികളിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പി.ആര്‍.പ്രദീപ് പറഞ്ഞു.
ഐശ്വര്യലബ്ധിക്കെന്ന പേരിലാണ് കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലി (49) എന്നിവരെ ഇലന്തൂരിൽ എത്തിച്ച് നരബലി നടത്തിയത്. വീടിനു സമീപത്തുനിന്നു 4 കുഴികളിലായാണു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കൊലപാതകത്തിനു മുൻപു സ്ത്രീകൾ കൊടിയ പീഡനങ്ങൾക്ക് ഇരയായെന്നാണു പൊലീസ് വ്യക്തമാക്കിയിരുന്നു. ഭഗവൽ സിങ്ങിനും ലൈലയ്ക്കും കടബാധ്യതകളുണ്ടായിരുന്നുവെന്നും സാമ്പത്തിക അഭിവൃദ്ധിക്കായാണു നരബലി നടത്തിയതെന്നും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വീട്ടിനുള്ളിൽ വച്ചാണു 2 കൊലപാതകവും നടത്തിയത്.
കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പിച്ചു ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളെന്ന് എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.