ന്യൂഡൽഹി: ഇന്ത്യയും ഭാരതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ചിലർ മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യയെ മാറ്റി പകരം ഭാരത് എന്നാക്കി മാറ്റണമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) രൂപീകരിച്ച ഉന്നതതല സമിതിയുടെ നിർദേശം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം.
വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ നർമദയിൽ ചേർന്ന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. “നമ്മുടെ രാജ്യത്ത് ഇന്ത്യയെന്നാണോ ബാരതമെന്നാണോ അഭിസംബോധന ചെയ്യേണ്ടത് എന്ന വിഷയത്തിൽ പലവിധത്തിലുള്ള ചർച്ചകൾ നടന്നുവരികയാണ്. പക്ഷേ യഥാർത്ഥത്തിൽ അവ രണ്ടും തമ്മിൽ എന്താണ് വ്യത്യാസം? ഇന്ത്യയും ഭാതവും തമ്മിൽ യാതൊരു വിധ വ്യത്യാസവുമില്ല. ഈ രാജ്യത്തിന്‍റെ പേര് ഭാരത് എന്നാണ്. കൊളോണിയൽ ഭരണകാലത്താണ് ഇംഗ്ലീഷുകാർ രാജ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയത്. ഭരണഘടന ഇന്ത്യക്കും ഭാരതത്തിനും തുല്യ പ്രാധാന്യമാണ് നൽകുന്നത്” – അദ്ദേഹം പറഞ്ഞു.
നാഗരികതയുടെ തുടക്കം മുതലുള്ള യഥാർത്ഥ ഇന്ത്യൻ പേരാണ് ഭാരതം. ഈയടുത്തകാലത്തായി ചില വെറിപിടച്ച മനുഷ്യന്മാർ ഇത് സംബന്ധിച്ച് വിവാദമുണ്ടാക്കുന്നതിന് മത്സരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അന്തിമ സ്ഥാന പേപ്പറിലെ ഏഴംഗ സമിതിയുടെ ഏകകണ്ഠമായ ശുപാർശകളുടെ ഭാഗമാണ് നിർദ്ദിഷ്ട പേര് മാറ്റമെന്ന് ബുധനാഴ്ച എൻ.സി.ഇ.ആർ.ടിയുടെ സാമൂഹ്യശാസ്ത്ര വിഭാഗം ചെയർപേഴ്സൺ സി.ഐ ഐസക് പറഞ്ഞിരുന്നു. എന്നാൽ, സമിതിയുടെ ശുപാർശകളിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എൻസിഇആർടി ചെയർപേഴ്‌സൺ ദിനേഷ് സക്ലാനി വ്യക്തമാക്കി.
എൻ.സി.ഇ.ആർ.ടിയുടെ നിർദേശം ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും രാഷ്ട്രീയ ഗിമ്മിക്ക് ആണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇന്ത്യ എന്ന വാക്ക് ഭാരതം പോലെ തന്നെ അഭിമാനം ഉണർത്തുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞു. പേര് മാറ്റുന്നത് ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രമാണെന്നും സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിലാണ് പലതും നിർദ്ദേശിക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. ഇന്ത്യൻ സഖ്യത്തോട് പ്രധാനമന്ത്രി മോദിക്കുള്ള ഭയമാണ് ഇത് കാണിക്കുന്നതെന്ന് എ.എ.പി വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു. ബി.ജെ.പിയുടെ ദുഷ്പ്രവൃത്തികളിൽ നിന്നും ദുർഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പേരുമാറ്റ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നതെന്നും ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി. കെ ശിവകുമാർ എൻ.സി.ഇ.ആർ.ടി പാനൽ ശുപാർശ തെറ്റായിപ്പോയെന്നും നീക്കത്തിന് പിന്നിൽ എൻ.ഡി.എയുടെ കൈകളാണെന്നും ആരോപിച്ചു.