ദില്ലി: ഭര്‍ത്താവിന്റേതല്ലാത്ത ബീജം ഉപയോഗിച്ച് സ്ത്രീയില്‍ ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) പ്രക്രിയ നടത്തിയ കേസില്‍ പശ്ചിമ ഡല്‍ഹിയിലെ ആശുപത്രിക്ക് 1.5 കോടി രൂപ പിഴ ചുമത്തി. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ (എന്‍സിഡിആര്‍സി) സമീപിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാതാപിതാക്കളുടെ ഹര്‍ജി പരിഗണിച്ച കോടതി, ഭാട്ടിയ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് എന്‍ഡോസര്‍ജറി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ഡയറക്ടറും കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. എന്‍സിഡിആര്‍സിയുടെ ഉപഭോക്തൃ സഹായ ഫണ്ടിലേക്ക് 20 ലക്ഷം രൂപ അധികമായി നിക്ഷേപിക്കാനും ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെ മൂന്ന് പേര്‍ പരാതിക്കാര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. പണമടയ്ക്കാന്‍ ആറാഴ്ചത്തെ സമയം നല്‍കിയ കോടതി, ഈ സമയപരിധിക്കുള്ളില്‍ പരാതിക്കാര്‍ക്ക് തുക ലഭിച്ചില്ലെങ്കില്‍ എട്ട് ശതമാനം വാര്‍ഷിക പലിശ പിഴയായി ചുമത്തുമെന്നും അറിയിച്ചു.