ദില്ലി: ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന്‍റെ ഇടക്കാല ജാമ്യം സുപ്രീം കോടതി ജൂലൈ 19 വരെ നീട്ടി. സ്ഥിരം ജാമ്യം നല്‍കണമെന്ന വരവരറാവുവിന്‍റെ ഹർജി കോടതി അന്നേദിവസം പരിഗണിക്കും. എന്‍ഐഎക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് കേസ് പരിഗണിക്കാന്‍ മാറ്റിയത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി. ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെയാണ് വരവരറാവു സുപ്രീം കോടതിയെ സമീപിച്ചത്. 2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസില്‍ വരവര റാവു അറസ്ററിലാകുന്നത്.
ഭീമാ കൊറേഗാവ് കേസിൽ അമേരിക്കൻ മാഗസീനായ വയേഡ് കഴിഞ്ഞയിടയ്ക്ക് വൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. കുറ്റാരോപിതർക്കെതിരായ ഡിജിറ്റൽ തെളിവുകൾ പൂനെ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബർ ഏജൻസികൾ കണ്ടെത്തിയതായായിരുന്നു വെളിപ്പെടുത്തൽ. മലയാളിയായ ഹാനിബാബു അടക്കമുള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ മാത്രമാണ് ഉള്ളതെന്നിരിക്കെ നിർണായകമാണ് പുതിയ വിവരങ്ങൾ.
മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടാൻ എങ്ങനെയാണ് ഭരണകൂടം സൈബർ കുറ്റകൃത്യം നടത്തുന്നതെന്ന ആമുഖത്തോടെയാണ് ആൻഡി ഗ്രീൻബർഗ് നിർണായക വിവരങ്ങൾ വയേഡിൽ പങ്കുവയ്ക്കുന്നത്. ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണാ വിൽസന്റെ ലാപ് ടോപ്പ് പരിശോധിച്ച അമേരിക്കൻ സൈബർ ഫോറൻസിക് സ്ഥാപനമായ ആർസണൽ കൺസൾട്ടൻസി ലാപ്ടോപ്പിൽ വിവരങ്ങൾ അറസ്റ്റിനു ശേഷം കൃത്രിമമായി ചേർത്തത് ആണെന്ന വിവരം കഴിഞ്ഞ വർഷം പുറത്ത് വിട്ടിരുന്നു.
സെൻറിനൽ വൺ എന്ന അമേരിക്കൻ സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ തുടർ അന്വേഷണത്തിലാണ് ഈ തെളിവുകൾ പൂനെ പൊലീസ് തന്നെ സ്ഥാപിച്ചതാണെന്ന് കണ്ടെത്തിയത്. വരവര റാവുവിന്റെയും, റോണാ വിൽസന്റെയും, മലയാളി പ്രൊഫസർ ഹാനി ബാബുവിന്റെയും ലാപ്ടോപ്പുകൾ ഹാക്ക് ചെയ്തു. ഇവരുടെ ഇമെയിലുകളിൽ റിക്കവറി ഇമെയിലും ഫോൺ നമ്പറും പുറമെ നിന്ന് ചേർത്തിട്ടുണ്ട്.
ഇങ്ങനെ ചേർത്ത ഇമെയിൽ വിലാസം ഭീമാ കൊറേ ഗാവ് കേസുമായി ബന്ധപ്പെട്ട പൂനെ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. റിക്കവറി ഫോൺ നമ്പരും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഉപയോഗിക്കുന്നത്. പൂനെ പൊലിസിന്റെ വെബ്ഡയറക്ടറി അടക്കം പരിശോധിച്ചാണ് ഇത് ഉറപ്പാക്കിയത്. വാട്സ് ആപ് ഡിപിയിൽ വരവര റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത സമ്മേളന വേളയിൽ ഇയാളെടുത്ത ഒരു സെൽഫിയാണെന്നും കണ്ടെത്തി.
സെന്റിനൽ വണ്ണിലെ ഗവേഷകരുടെ ഈ കണ്ടെത്തലെല്ലാം ആഗസ്റ്റിൽ അമേരിക്കയിൽ നടക്കുന്ന ബ്ലാക് ഹാറ്റ് സൈബർ സെക്യൂരിറ്റി കോൺഫറൻസിൽ പൂർണതോതിൽ അവതരിപ്പിക്കും. നിലവിൽ ഭീമാ കൊറേഗാവ് കേസ് എൻഐഎ ആണ് അന്വേഷിക്കുന്നതെങ്കിലും ആദ്യകാലത്ത് കേസന്വേഷിച്ച പുനെ പൊലീസിനെതിരായ ഈ ഗുരുതരമായ ആരോപണങ്ങളിൽ മഹാരാഷ്ട്ര സർക്കാരിന് ഭാഗത്തുനിന്ന് എന്ത് നടപടി ഉണ്ടാകുമെന്നതും ശ്രദ്ധേയമാണ്.