ദില്ലി : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ദില്ലിയിൽ എത്തും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും ഇന്ന് എത്തുന്നുണ്ട്. ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയ്ക്ക് എല്ലാ സഹകരണവും നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കി. അതേസമയം, സംയുക്ത പ്രഖ്യാപനത്തിലെ ചില സാമ്പത്തിക നിർദ്ദേശങ്ങളെ ചൈന എതിർക്കുന്നുവെന്നാണ് സൂചന. ഇന്ന് മുതൽ മൂന്നു ദിവസം ദില്ലിയിൽ പൊതു അവധിയാണ്.
ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാനത്തെ ചൊല്ലിയുള്ള തർക്കം നേരത്തെ അമേരിക്ക സ്ഥിരീകരിച്ചിരുന്നു. യുക്രെയിൻ വിഷയത്തിൽ സമവായം ഇല്ലെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ വ്യക്തമാക്കിയത്. ഷി ജിൻപിങും വ്ളാഡിമിർ പുടിനും വിട്ടുനിൽക്കുകയാണ്. ഷി ജിൻപിങും വ്ളാഡിമിർ പുടിനും പ്രതിനിധികളെ അയച്ചത് ചൂണ്ടിക്കാട്ടിയാണ് ഇവർ വിട്ടുനില്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സർക്കാർ നേരിടുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ നൈജീരിയൻ പ്രസിഡൻറ് ബോല അഹമ്മദ് തിനുബു ദില്ലിയിലെത്തിച്ചേർന്നിട്ടുണ്ട്. രാഷ്ട്രീയ വിഷയങ്ങളിൽ സമവായമുണ്ടായില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം, സ്ത്രീ ശാക്തീകരണം, ജൈവ ഇന്ധന ഉപയോഗം തുടങ്ങിയ വിഷയങ്ങളിലെ ധാരണകളിൽ ഉച്ചകോടിയിലെ ചർച്ചകൾ അവസാനിക്കാനാണ് സാധ്യത.