വാഷിങ്ടൺ: നിരവധി മുസ്‍ലിം സംഘടനകൾ പങ്കെടുക്കാൻ വിസമ്മതം അറിയിച്ചതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നടത്താനിരുന്ന ഇഫ്താർ സംഗമം റദ്ദാക്കി. ഗസ്സയിൽ ഇസ്രായേലിന് യു.എസ് നൽകുന്ന പിന്തുണയിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് മുസ്‍ലിം സംഘടനകൾ ഇഫ്താർ സംഗമം ബഹിഷ്‍കരിച്ചത്. വൈറ്റ്ഹൗസിന്റെ ഇഫ്താർ സംഗമത്തിൽപങ്കെടുക്കുന്നതിനെതിരെ നേതാക്കൾ മുസ്‍ലിം സംഘടനയിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇഫ്താർ സംഗമത്തിലൂടെ മുസ്‍ലിം നേതാക്കളെ തന്നോടൊപ്പം നിർത്താനുള്ള ബൈഡന്റെ ശ്രമങ്ങൾക്കാണ് തിരിച്ചടിയായത്. ഗസ്സയിലെ ഇസ്രായേലിന്റെ കൂട്ടക്കുരുതിക്ക് ബൈഡൻ പിന്തുണ നൽകുന്നതാണ് മുസ്‍ലിം നേതാക്കളെ പ്രകോപിപ്പിച്ചത്.
ഫലസ്തീൻ അമേരിക്കൻ ഡോക്ടർ തായിർ അഹമ്മദും ക്ഷണം നിരസിച്ചവരുടെ കൂട്ടത്തിലുണ്ട്. ചിക്കാഗോയിലെ എമർജൻസി ഫിസിഷ്യനാണ് തായിർ അഹമ്മദ്. ഈ വർഷാദ്യം അദ്ദേഹം ഗസ്സയിലെത്തി സേവനമനുഷ്ടിക്കുകയാണ്. ഉടൻ തന്നെ അദ്ദേഹം ഗസ്സയിൽ നിന്ന് മടങ്ങാനുള്ള തയാറെടുപ്പിലാണ്.മുസ്‍ലിം അമേരിക്കൻ അഭിഭാഷക ഗ്രൂപ്പായ എംഗേജ് ആക്ഷനും ബൈഡന്റെ ക്ഷണം നിരസിച്ചു. ഇസ്രായേലിന് യു.എസ് നൽകുന്ന സൈനിക സഹായം യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്‍കരണം.