മുംബൈ: എൻ.സി.പി പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജി വെച്ചുവെന്ന ശരദ് പവാറിന്റെ പ്രഖ്യാപനത്തിന്റെ അനുരണനം മഹാരാഷ്ട്രയിലുമുണ്ടാകുമെന്ന് ബി.ജെ.പി. ഇതോടനുബന്ധിച്ച് മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്.
കുറച്ചു ദിവസത്തിനു ശേഷം മഹാരാഷ്ട്ര രാഷ്ട്രീയം കലുഷിതമായിരിക്കുന്നു. ചില ചർച്ചകൾ നടന്നിരുന്നു. അതിന്റെ ഫലമാണിതെല്ലാം. എൻ.സി.പിയുടെ അതിജീവനം വലിയ പ്രശ്നമാണ്. ശരദ് പവാറിന് അദ്ദേഹത്തിന്റെ അധികാരം നഷ്ടപ്പെട്ടു.-എന്നാണ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് എൻ.സി.പി പ്രവർത്തകരെ ഞെട്ടിച്ച് പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് ശരദ് പവാർ പ്രഖ്യാപിച്ചത്. പാർട്ടിയെ നയിക്കാൻ പുതുതലമുറയിൽ നിന്നുള്ള ആളുകൾ അനിവാര്യമാണെന്നും ശരദ് പവാർ അഭിപ്രായപ്പെട്ടു. കുറെ കാലം പദവിയിലിരുന്ന ഒരാൾ, ഒരു ഘട്ടത്തിൽ അധികാരമൊഴിയുന്നതിനെ കുറിച്ച് ആലോചിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ പൊതുപരിപാടികളിൽ നിന്ന് വിടവാങ്ങുകയല്ലെന്നും അത് തുടരുമെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു.