കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. യുവതിയുള്‍പ്പെടെ നാല് പേരില്‍ നിന്നായി ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന പരിശോധനയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായി 2.3 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കോഴിക്കോട് സ്വദേശി കക്കുഴിയില്‍ പുരയില്‍ ഷംന, വയനാട് വൈത്തിര സ്വദേശി കുതിര കുളമ്പില്‍ റിയാസ്, കണ്ണമംഗലം സ്വദേശി തയ്യില്‍ സൈനുല്‍ ആബിദ്, കര്‍ണ്ണാടകയിലെ കൊനാജ് സ്വദേശി അബ്ദുല്‍ ഷഹദ് എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ദുബൈയില്‍ നിന്നെത്തിയ ഷംനയില്‍ നിന്നും 1 കിലോ 160 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. നാല് ക്യാപ്സൂളുകളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ദുബൈയില്‍ നിന്നെത്തിയ വയനാട് വൈത്തിരി സ്വദേശി കുതിരക്കുളമ്പില്‍ റിയാസില്‍ നിന്നും 331 ഗ്രാം സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിന്‍റേയും ജീന്‍സിന്‍റേയും ഇലാസ്റ്റിക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.