ഛണ്ഡിഗഡ് : ഛണ്ഡിഗഡ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ആകെയുള്ള 35 സീറ്റുകളില്‍ 15 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഭരണത്തിലുണ്ടായിരുന്ന ബിജെപിക്ക് 12 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ മുന്‍ മേയര്‍മാരായിരുന്ന രവി കാന്ത് ശര്‍മ, രാജേഷ് കാലിയ, ദവേഷ് മൗദ്ഗില്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ശക്തി ദേവശാലി, സുനിതാ ധവാന്‍, ഹീരാ നേഗി, ഭരത് കുമാര്‍ എന്നിവരുള്‍പ്പെടെ ബിജെപിയുടെ നാല് സിറ്റിംഗ് കൗണ്‍സിലര്‍മാരും കനത്ത പരാജയം നേരിട്ടു. 20 സീറ്റുകളാണ് കോര്‍പറേഷനില്‍ ബിജെപിക്കുണ്ടായിരുന്നത്. കോണ്‍ഗ്രസിന് എട്ട് സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോള്‍ ശിരോമണി അകാലിദളിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് നേതാവും സിറ്റിങ് കൗണ്‍സിലറുമായ എച്ച്എസ് ലക്കിയും തോറ്റു.