റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്ലിപ്കാർട്ടിലും ആമസോണിലും വമ്പൻ ഓഫർ വില്‍പന നടക്കും. ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ എന്ന പേരിലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ എന്ന പേരിലുമാണ് ഓഫർ വിൽപന. വർധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ പശ്ചാത്തലത്തിൽ ആമസോണും ഫ്ലിപ്കാർട്ടും റിപ്പബ്ലിക് ദിന വിൽപന നേരത്തേ പ്രഖ്യാപിക്കുകയായിരുന്നു. ഈ വർഷം സാധാരണ ഷെഡ്യൂളിനേക്കാൾ 4-5 ദിവസം മുൻപ് വിൽപന നടക്കും. വിതരണ ശൃംഖലയെയും ഡെലിവറി സമയക്രമത്തെയും ബാധിച്ച നിയന്ത്രണങ്ങളാണ് ഷെഡ്യൂളിലെ മാറ്റത്തിന് കാരണമായതെന്ന് കമ്പനികളുടെ എക്സിക്യൂട്ടീവുകൾ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞ വർഷത്തെ പോലെ 80 ശതമാനം വരെയാണ് ഇളവുകൾ പ്രതീക്ഷിക്കുന്നത്.
ഇരു ഇ-കൊമേഴ്‌സ് കമ്പനികളും കഴിയുന്നത്ര സാധന സാമഗ്രികൾ ശേഖരിച്ച് ജനുവരി 16-17 തിയതികളിൽ ആരംഭിക്കുന്ന വിൽപനയ്‌ക്ക് തയാറെടുക്കുകയാണ്. കഴിഞ്ഞ വർഷത്തെ സെയിൽ ജനുവരി 20 മുതൽ 22 വരെയാണ് നടന്നത്. എന്നാൽ, ഇത്തവണ വിൽപന പതിവിലും കൂടുതൽ സമയം നീണ്ടുനിൽക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് കേസുകളുടെ തുടർച്ചയായ കുതിപ്പും സംസ്ഥാനങ്ങളുടെ കർശന നിയന്ത്രണങ്ങളും കാരണം ആശങ്ക നിലനില്‍ക്കുന്നതിനാൽ ഓൺലൈൻ റിപ്പബ്ലിക് ദിന വിൽപന നേരത്തേ തുടങ്ങി വൈകി അവസാനിപ്പിക്കാനാണ് നീക്കം. അതേസമയം, ഓൺലൈൻ വിൽപന കാരണം ഓഫ്‌ലൈൻ സ്റ്റോർ സ്റ്റോറുകളുടെ വിൽപന കുത്തനെ ഇടിഞ്ഞിട്ടുണ്ടെന്ന് സൂപ്പർ പ്ലാസ്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് അവ്‌നീത് സിംഗ് മർവ ആരോപിച്ചു.