റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ ജിദ്ദയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. ഇതിനായി ജിദ്ദ ബലദിലെ ചരിത്രപ്രദേശങ്ങളില്‍ വൻ വികസന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. പബ്ലിക് ഇൻവെസ്റ്റ്മെനന്റ് ഫണ്ടിന് കീഴിൽ ഇതിനായി അൽ ബലദ് ഡെവലപ്പ്മെൻ്റ് എന്ന പേരിൽ പ്രത്യേക കമ്പനി സ്ഥാപിച്ചു. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ച ജിദ്ദ ബലദിലെ ചരിത്രപ്രദേശങ്ങളുടെ വികസനമാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ ജിദ്ദയെ ആഗോള സാമ്പത്തിക കേന്ദ്രമായും സാംസ്കാരിക പൈതൃക കേന്ദ്രമായും പ്രധാന ടൂറിസം കേന്ദ്രമായും ഉയർത്തുകയാണ് ലക്ഷ്യം.
പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം ചരിത്ര പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണം, സേവന സൗകര്യങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയും നിർമിക്കും. കൂടാതെ 9,300 പാർപ്പിട യൂനിറ്റുകളും 1800 ഹോട്ടൽ യൂനിറ്റുകളും സ്ഥാപിക്കും. 13 ലക്ഷം ചതുരശ്രമീറ്ററിൽ വാണിജ്യ, ഓഫീസ് സൗകര്യങ്ങളും നിർമിക്കും. ആകെ 37 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. സ്വകാര്യമേഖലയുമായി സഹകരിച്ച് ചരിത്ര പ്രദേശങ്ങളിൽ അത്യാധുനിക നഗരപദ്ധതികളും നടപ്പിലാക്കും.