ദില്ലി : ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. നിലവിൽ ഭരിക്കുന്ന ബിജെപിക്ക് 69 – 91 നും ഇടയിൽ സീറ്റ് മാത്രമാണ് നേടാനാകുക എന്നാണ് സർവ്വെ ഫലം പറയുന്നത്. എന്നാൽ ദില്ലി ഭരിക്കുന്ന ആം ആദ്മി പാർട്ടി 149 നും 171 നും ഇടയിൽ സീറ്റ് നേടുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 2017 ൽ 182 സീറ്റാണ് ബിജെപി നേടിയിരുന്നത്.
ടൈംസ് നൌ ഇടിജി സർവ്വെയും ആംആദ്മി പാർട്ടി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം നേടുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. 146 മുതൽ 156 വരെ സീറ്റ് വരെ ആംആദ്മി നേടുമെന്നാണ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. എന്നാൽ ബിജെപി 84 മുതൽ 94 വരെ സീറ്റുകൾ നേടും എന്നും പ്രവചിക്കുന്നു. ഇരു സർവ്വെകളിലും കോൺഗ്രസിന് കാര്യമായ നേട്ടം പ്രവചിക്കുന്നില്ല.
ദില്ലിയിലെ സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി ദില്ലിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍.