പട്ന ∙ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം കർണാടക തിരഞ്ഞെടുപ്പിനു ശേഷം പട്നയിൽ ചേരുമെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ മുന്നണി രൂപീകരണത്തിനു യോഗത്തിൽ ധാരണയുണ്ടാകുമെന്നു നിതീഷ് പ്രതീക്ഷ പ്രകടിപ്പിച്ചു. ചില നേതാക്കൾ കർണാടക നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലാണ്. പ്രതിപക്ഷ കക്ഷികളുടെ യോഗം പട്നയിൽ സംഘടിപ്പിക്കാൻ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭം ബിഹാറിൽ ആരംഭിച്ച മാതൃകയിൽ പട്നയിൽ നേതൃയോഗം സംഘടിപ്പിക്കാനുള്ള നിർദേശം മുന്നോട്ടു വച്ചത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ബിജെപി ഇതര കക്ഷികളെയെല്ലാം മുന്നണിയുടെ ഭാഗമാക്കുകയാണു തന്റെ ലക്ഷ്യമെന്നു നിതീഷ് വ്യക്തമാക്കി.