പട്ന∙ ബിഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച യാണ് സംഭവം. 2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. ഒരു വർഷത്തിനുള്ളിൽ മദ്യദുരന്തത്തിൽ 50 പേർക്ക് ജീവൻ നഷ്ടമായെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്ത് 6 മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ മദ്യ ദുരന്തമാണിത്.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. മദ്യനിരോധനം ഉള്ളിടത്ത് മദ്യപിക്കുന്നവർ മരിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവമെന്ന് നിതീഷ് പറഞ്ഞു.
‘ഞങ്ങൾ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്, പക്ഷേ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മദ്യനിരോധനം ഉള്ളിടത്ത് ഉണ്ടാകുന്ന മദ്യവിൽപനയിൽ എന്തെങ്കിലും പ്രശ്നം കാണും. ആരും മദ്യപിക്കരുത്. മിക്കയാളുകളും മദ്യനയത്തോട് യോജിച്ചെങ്കിലും ചിലർ തെറ്റ് ചെയ്യുന്നു.’ നിതീഷ് കുമാർ പറഞ്ഞു.
അതേസമയം, ബിഹാര്‍ നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി. നിങ്ങള്‍ കുടിയന്മാരാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.