പൂർണിയ∙ ബിഹാറിലെ പൂർണിയ ജില്ലയിൽ 10 വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ഞായറാഴ്ചയാണ് പത്തു വയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായത്. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി, രക്തസ്രാവമുണ്ടായതോടെ കുട്ടിയുടെ രഹസ്യ ഭാഗത്ത് ചെളിയും മണലും വാരിയിട്ടു. ഇരുപത്താറുകാരനായ പ്രതിയെ പിടികൂടിയ പൊലീസ്, ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തു
പത്തു വയസ്സുകാരി കൂട്ടുകാർക്കൊപ്പം വീടിനു സമീപം കളിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് പ്രതി സ്ഥലത്തെത്തിയത്. കൂട്ടുകാരെ തന്ത്രപൂർവം അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ച പ്രതി, പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനത്തെ തുടർന്ന് രക്തസ്രാവമുണ്ടായതോടെ പ്രതി കുട്ടിയുടെ രഹസ്യ ഭാഗത്ത് ചെളിയും മണലും വാരിയിട്ടതായും പൊലീസ് അറിയിച്ചു.
കളിക്കാൻ പോയ കുട്ടിയെ ഏറെ നേരമായിട്ടും കാണാതെ വന്നതോടെ കുട്ടിയുടെ അമ്മ അന്വേഷിച്ചു വരികയായിരുന്നു. ഒപ്പം കളിച്ച കുട്ടികളോട് ചോദിച്ചപ്പോൾ, ഒരാൾ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയതായി അറിയിച്ചു. തുടർന്ന് നാട്ടുകാരെ കൂട്ടി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയായ നിലയിൽ കണ്ടെത്തിയത്.
ആളുകളെ കണ്ടതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെങ്കിലും, പിന്നീട് പൊലീസിന്റെ പിടിയിലായി. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
‘‘പ്രതിയെ ഉടൻ തന്നെ പിടികൂടുകയും പോക്സ് കേസ് ചുമത്തി ജയിലിലാക്കുകയും ചെയ്തു. വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പ്രതിക്കെതിരെ എത്രയും വേഗം വിചാരണ തുടങ്ങുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്’ – പൂർണിയ എസ്പി ആമിർ ജവായിദ് പറഞ്ഞു.












