പട്ന: രക്ഷാബന്ധൻ ദിവസത്തെ അവധി ദിവസം പ്രവൃത്തി ദിനമാക്കിയതിൽ വകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. ബിഹാറിലെ ഖഗാരിയയിലെ സ്കൂളിലാണ് സംഭവം. അധ്യയന ദിവസങ്ങളുടെ നഷ്ടം നികത്താനാണ് വർഷത്തിൽ ശേഷിക്കുന്ന അഞ്ച് മാസങ്ങളിൽ രക്ഷാബന്ധൻ ഉൾപ്പെടെയുള്ള ഉത്സവവങ്ങളിലെ അവധി വെട്ടിക്കുറച്ചത്. അധ്യാപകൻ സർക്കാർ ഉദ്യോഗസ്ഥരെ വിമർശിക്കുന്നതിന്റെയും സഹോദരിക്ക് രാഖികെട്ടുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അധ്യാപകന്റെ ശമ്പളം തടയുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. ബിഹാർ വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.കെ. പഥക്കിനെതിനെയാണ് അധ്യാപകൻ അധിക്ഷേപിച്ചത്. വിദ്യാഭ്യാസ മേഖലയിൽ സേവനമനുഷ്ടിക്കുമ്പോൾ, എല്ലാ ജീവനക്കാരും പെരുമാറ്റച്ചട്ടം പാലിക്കണമെന്നാണ് നിയമം.അവധി വെട്ടിക്കുറച്ച ബിഹാർ സർക്കാർ ഹിന്ദുവിരുദ്ധ സർക്കാരാണെന്നും അധ്യാപകൻ ആരോപിച്ചിരുന്നു. അവധി റദ്ദാക്കിയ ഉത്തരവ് തിരുത്തണമെന്നും അധ്യാപകനെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്.