കൊയിലാണ്ടി : ചേലിയ സ്വദേശി വിജിഷയുടെ ആത്മഹത്യയിൽഅന്വേഷണം അവസാനഘട്ടത്തിലേക്ക്. ഓണ്‍ലൈന്‍ റമ്മി കളികളിലൂടെ വലിയൊരു തുക നഷ്‌ടപ്പെട്ടതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യചെയ്‌തതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. മരണത്തിലെ ദുരൂഹത നീക്കാന്‍ കേസന്വേ ഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈല്‍ ഫോണ്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിജിഷയെ 2021ഡിസംബര്‍ 11നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതാണ് മരണകാരണമെന്ന് പറയുന്നത്. 30 ലക്ഷം രൂപയോളം ഓണ്‍ലൈന്‍ കളിയിലൂടെ നഷ്ടമായതായാണ് സൂചന. വിവാഹത്തിനുവേണ്ടി കരുതിവച്ച സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയംവച്ച് പണം വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വിജിഷയില്‍നിന്ന് പണം തട്ടിയവരും വായ്പനല്‍കിയവരുമായി ധാരാളം പേരുണ്ടാകാമെങ്കിലും, ഇവരുടെ മരണത്തിനുശേഷം കിട്ടാനുള്ള പണത്തിനായി ആരും കുടുംബത്തെ ബന്ധപ്പെടാത്തതിന് പിന്നിലും ദുരൂഹതയുണ്ട്. കൂടുതല്‍ അന്വഷണം നടന്നുവരികയാണെന്ന് മാത്രമേ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ വെളിപ്പെടുത്തുന്നുള്ളൂ. മരണം സംബന്ധിച്ച് ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രൂപവല്‍ക്കരിച്ച കര്‍മസമിതി ഭാരവാഹികളെ കേസന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വൈകിട്ട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കര്‍മസമിതിയുടെ ചെയര്‍മാന്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലും കണ്‍വീനര്‍ കെ എം ജോഷിയുമാണ്.