ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ പ്രവേശിക്കുന്ന ഇരുചക്ര വാഹന യാത്രികർക്കും മുച്ചക്ര വാഹന ഡ്രൈവർമാർക്കും 500 രൂപ പിഴ ചുമത്തുന്ന തീരുമാനത്തിനെതിരെ അമര്‍ഷം പുകയുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് നിരോധനം നിലവില്‍ വന്നത്. ഈ അതിവേഗ ദേശീയപാതയിലെ അപകടങ്ങളുടെ എണ്ണം വർധിച്ചതാണ് അധികൃതരെ ഈ നടപടിയിലേക്ക് നയിച്ചത്. ബൈക്ക് യാത്രക്കാരുടെയും ഓട്ടോറിക്ഷകളുടെയും ട്രാക്ടറുകളുടെയും സുരക്ഷ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് അധികൃതര്‍ പറയുന്നത്. ഈ വാഹനങ്ങള്‍ ഇനിമുതല്‍ സര്‍വീസ് റോഡുകള്‍ വഴി മാത്രമാണ് പോകേണ്ടത്. നിരോധന വിജ്ഞാപനം നിലവില്‍ വന്നതോടെ ഹൈവേയിലൂടെ വന്ന ബൈക്കുകളും ഓട്ടോകളും ട്രാക്ടറുകളും സര്‍വീസ് റോഡുകള്‍ വഴി തിരിച്ചുവിട്ടു. ബൈക്കർമാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും മാർഗനിർദ്ദേശങ്ങൾ പാലിച്ച് സർവീസ് റോഡിലൂടെ സഞ്ചരിക്കണമെന്നും അല്ലാത്തപക്ഷം അവർക്ക് 500 രൂപ പിഴ ചുമത്തുമെന്നും രാമനഗര ഡിഎസ്‍പി കാർത്തിക് റെഡ്ഡി പറഞ്ഞു. എക്‌സ്‌പ്രസ് വേയിൽ പ്രവേശിക്കാൻ ശ്രമിച്ച ബൈക്ക് യാത്രികരെ പോലീസ് നിയന്ത്രിക്കാൻ തുടങ്ങി. നിരോധനം സംബന്ധിച്ച അറിയിപ്പ് ബോർഡുകളും ഹൈവേയില്‍ സ്ഥാപിച്ചിട്ടുണ്ട്.