ആലപ്പുഴ: സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യാത്രക്കാരൻ ലോറിക്കടിയിൽ പെട്ട് മരിച്ചു. ആലപ്പുഴ – പുന്നപ്ര ദേശീയപാതയിൽ കുറവൻതോട് വെച്ചാണ് അപകടം നടന്നത്. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി – 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസിൽ തട്ടി പിന്നീട് ലോറിക്കടയിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് എറണാകുളം പറവൂരിൽ നടന്ന മറ്റൊരു അപകടത്തിൽ നാല് വയസുകാരൻ മരിച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണായിരുന്നു അപകടം. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന പുത്തൻവേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മുത്തച്ഛൻ പ്രദീപിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പറവൂർ ടൗണിൽ റോഡരികിലെ കൂറ്റൻമരം കടപുഴകി വീണാണ് അപകടം ഉണ്ടായത്.
കോട്ടുവള്ളിയിലെ അമ്മയുടെ വീട്ടിൽ നിന്ന് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്നു കുട്ടി. പറവൂർ നഗരത്തിലെ തീയറ്ററിന് സമീപത്തെ മരം വാഹനത്തിന് മുകളിലേക്ക് പതിയ്ക്കുകയായിരുന്നു. മൂന്ന് പേരും റോഡിലേക്ക് തെറിച്ചു വീണു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അനുപം കൃഷ്ണ മരണത്തിന് കീഴടങ്ങിയിരുന്നു
കാസർകോട് ജില്ലയിലെ നീലേശ്വരത്ത് ദേശീയ പാതയിൽ ഇന്ന് ടാങ്കർ ലോറി മറിഞ്ഞിരുന്നു. കരുവാച്ചേരി വളവിലാണ് ഹൈഡ്രോക്ലോറിക് ആസിഡ് നിറച്ച ടാങ്കർ ലോറി മറിഞ്ഞത്. ആർക്കും പരിക്കേറ്റിരുന്നില്ല. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. ആസിഡ് ചോർച്ച തടയാനുള്ള അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റേയും വിജയിച്ചതോടെ ആശങ്ക ഒഴിഞ്ഞു. ജെ സി ബി ഉപയോഗിച്ച് ചോർച്ചയുള്ള ഭാഗം മണ്ണിട്ട് മൂടി. മഹാരാഷ്ട്രയിലെ കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ഗതാഗതം തടസപ്പെട്ടില്ല.