തിരുവനന്തപുരം : ആറ്റിങ്ങൽ നഗരൂരിൽ ബൈക്കിൽ സഞ്ചരിച്ചവരെ നാലംഗസംഘം മർദിച്ചു. മർദനമേറ്റവരും സുഹൃത്തുക്കളും ചേർന്ന് രാത്രിയിൽ വീട്ടിൽക്കയറി പ്രത്യാക്രമണം നടത്തി. രണ്ട് സംഭവങ്ങളിലും കേസെടുത്ത നഗരൂർ പോലീസ് ആദ്യത്തെ സംഭവത്തിൽ നാലുപേരെയും രണ്ടാമത്തെ സംഭവത്തിൽ എട്ടുപേരെയും അറസ്റ്റ് ചെയ്തു. ബൈക്കിൽ പോയവരെ ആക്രമിച്ച കേസിൽ വെള്ളല്ലൂർ, ഊന്നൻകല്ല്, അഫ്സൽ മൻസിലിൽ അഫ്സൽ (അച്ചു-19), പുതിയകാവ്, നെല്ലിക്കാട്ടിൽവീട്ടിൽ സൂരജ് (22), പുതിയകാവ്, ഇടുപടിക്കൽ വീട്ടിൽ നജീബ്(22), വെള്ളല്ലൂർ മാടപ്പാട്, മലവിള അഭിമന്ദിരം വീട്ടിൽ അഭിറാം(19) എന്നിവരാണ് അറസ്റ്റിലായത്. അഫ്സലിന്റെ വീട്ടിൽക്കയറി സ്ത്രീകളെയുൾപ്പെടെ ആക്രമിച്ച കേസിൽ രാലൂർക്കാവ് വിളയിൽവീട്ടിൽ ശ്യാം(കുക്കുടു-26), ഊന്നൻകല്ല് അത്തം നിവാസിൽ ആകാശ്(ലല്ലു-28), ഊന്നൻകല്ല് ആര്യഭവനിൽ അരുൺ (വാവ-26), ഊന്നൻകല്ല് സുനിത ഭവനിൽ വിഷ്ണു(30), മുളയ്ക്കലത്തുകാവ് പ്രസന്ന ഭവനിൽ സജീഷ്(26), ഊന്നൻകല്ല് എൻ.എസ്. മന്ദിരത്തിൽ സൂരജ്(41), ഊന്നൻകല്ല് തെക്കതിൽ വീട്ടിൽ ലാലു(41), ഊന്നൻകല്ല് അത്തം വീട്ടിൽ അഭിമന്യു(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞദിവസം രാത്രി നഗരൂർ വെള്ളല്ലൂർ ഊന്നൻകല്ല് വിശ്വംഭരൻനഗറിലാണ് സംഭവം. ബൈക്കിൽ പോയവരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അഫ്സൽ വീട്ടിൽ സുഹൃത്തുക്കളോടൊപ്പം ക്രിസ്മസ് ആഘോഷം നടത്തുന്നതിനിടെയാണ് സംഭവം. വീടിനു മുന്നിലെ റോഡിലൂടെ ബൈക്കിൽ പോയ വിഷ്ണുവിനെയും നിധീഷിനെയും അഫ്സലും കൂട്ടുകാരും ചേർന്ന് തടഞ്ഞുനിർത്തി മർദിച്ചു. അഫ്സലിനൊപ്പമുണ്ടായിരുന്ന സൂരജിനെ ഒരുവർഷം മുമ്പ് വിഷ്ണു മർദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് അഫ്സൽ, സൂരജ്, നജീബ്, അഭിറാം എന്നിവർ ചേർന്ന് വിഷ്ണുവിനെയും നിധീഷിനെയും ആക്രമിച്ചത്.
മർദനമേറ്റ വിഷ്ണു വിവരം അറിയിച്ചതിനെത്തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ ഏഴുപേർ സ്ഥലത്തെത്തുകയും അഫ്സലിന്റെ വീട്ടിൽക്കയറി പ്രത്യാക്രമണം നടത്തുകയുമായിരുന്നു. അഫ്സലിനെയും കൂട്ടുകാരെയും മർദിക്കുന്നത് തടയാൻ ശ്രമിക്കുമ്പോൾ അഫ്സലിന്റെ ഉമ്മയ്ക്കും മർദനമേറ്റിരുന്നു. രണ്ടുകൂട്ടരുടെയും പരാതിയിൽ കേസെടുത്ത പോലീസ് രണ്ട് സംഭവത്തിലും ഉൾപ്പെട്ട മുഴുവൻപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.