മുസാഫര്‍നഗര്‍: മോട്ടോർ ബൈക്ക് മോഷ്ടാക്കളുടെ സംഘാംഗമായ അങ്കുർ ബുധനാഴ്ച മുസാഫർനഗറിലെ മൻസൂർപൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കയ്യിൽ ഒരു പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതി കീഴടങ്ങാൻ എത്തിയത്. ‘എന്നോട് ക്ഷമിക്കൂ.. യോഗിജി, ഞാൻ തെറ്റു ചെയ്തു’ എന്നായിരുന്നു അതിൽ എഴുതിയത്. യുപിയിൽ ക്രിമിനലുകൾക്ക് നേരെയുള്ള നടപടികളും ഏറ്റുമുട്ടിലുകളും വര്‍ധിച്ചുവരുന്നതിൽ ഭയന്നാണ് അങ്കുര്‍ സ്റ്റേഷനിൽ ഹാജരായതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ ജീവനും ഇത്തരത്തിൽ ഭീഷണിയിലാണെന്നും അത് ഭയന്നാണ് കീഴടങ്ങലെന്നുമാണ് പ്രതിയുടെ ഏറ്റുപറച്ചിലെന്നും പൊലീസ് പറയുന്നു. ഗ്രാമ മുഖ്യനൊപ്പമാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തി താൻ ചെയ്ത തെറ്റ് പൊറുക്കണമെന്നും ഇനി ഒരു തെറ്റും ചെയ്യില്ലെന്നും അപേക്ഷിക്കുകയായിരുന്നു എന്നുമാണ് പെലീസ് അറിയിക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമം, കവര്‍ച്ച എന്നിവയടക്കം നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും പൊലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഒരു സംഘവുമായുള്ള ഏറ്റുമുട്ടൽ നടന്നതിന്റെ പിറ്റേ ദിവസമാണ് ഇയാൾ കീഴടങ്ങിയത്.
കൊടും ക്രിമിനലുകളായ രണ്ടുപേരെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ പിടികൂടിയിരുന്നു. ഒരാൾ രക്ഷപ്പെട്ടു. മൂന്ന് ബൈക്കുകളും ആയുധങ്ങളും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിഎസ്പി രവിശങ്കര്‍ മിശ്ര പറഞ്ഞു. പൊലീസിന്റെ കണക്കുകൾ പ്രകാരം യോഗി ആദിതന്യനാഥ് അധികാരത്തിലെത്തിയ ശേഷം 9000 ഏറ്റുമുട്ടലുകളാണ് നടന്നത്. ഈ ഏറ്റുമുട്ടലുകളിൽ 160 ക്രിമിനലുകൾ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലുകളിൽ ഭൂരിഭാഗവും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും കോടതികളിൽ ചോദ്യം ചെയ്‌തിരുന്നെങ്കിലും ഒന്നിനെക്കുറിച്ചും നിർണ്ണായകമായ അന്വേഷണമോ നടപടിയോ ഉണ്ടായിരുന്നില്ല.