കൊച്ചി : നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ചു മരിച്ചു. പറവൂർ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി.
വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ 10.20 ഓടെയായിരുന്നു അപകടം. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിൽ തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇടിച്ച വാഹനം നിർത്താതെ പോയി.
വാഹനം കയറി ഇറങ്ങിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിൽ കണ്ടതെന്ന് അപകടം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ ആൾ പറയുന്നത്. എന്നാലിക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിട്ടില്ല. സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലു൦ വ്യക്തതയില്ലെന്നതും തിരിച്ചടിയാണ്.