ന്യൂഡൽഹി : ക്ലാസ്മുറികളിൽ ഹിജാബ് നിരോധിച്ച കർണാടകയിലെ കോളേജ് വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണെന്നും അതിന് ഭരണഘടന സംരക്ഷണം നൽകുന്നുണ്ടെന്നും പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തു. ബിക്കിനിയോ ഹിജാബോ മുഖാവരണമോ ജീൻസോ എന്തായാലും ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നു. ഹിജാബിന്റെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തണം.- പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തു. ഹിജാബ് വിവാദത്തിൽ നേരത്തെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽഗാന്ധിയും രംഗത്തെത്തിയിരുന്നു.
സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശ സംരക്ഷണവുമാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ മുദ്രാവാക്യം. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഉഡുപ്പിയിലെ സർക്കാർ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാർഥിനികൾ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ ഐ ലവ് ഹിജാബ് എന്ന പേരിൽ ക്യാംപയിനും വിദ്യാർഥികൾ ആരംഭിച്ചിരുന്നു.