തിരുവനന്തപുരം : സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നാഴ്ച ശേഷിക്കെ സംസ്ഥാനത്ത് പാഴാകുന്നത് ശതകോടികൾ. ആകെ ചെലവഴിച്ചത് 64.5 ശതമാനം തുക മാത്രമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതുവരെ പകുതി തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും തിരിച്ചടിയുണ്ടായി. പദ്ധതിക്കായി കേന്ദ്രം 9432.91 കോടി രൂപ അനുവദിച്ചിട്ടും ഇതുവരെ 64.49 ശതമാനം മാത്രമാണ് ഇതിൽ ചെലവഴിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങൾ, സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതി നിർവഹണം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് എന്നിവയാണ് താളംതെറ്റിയിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ഏറ്റവും വലിയ വീഴ്ച സംഭവിച്ചിരിക്കുന്നത്. 20,330 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി അനുവദിച്ചത്. ഇതിൽ 49.42 ശതമാനം തുക മാത്രമാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ചെലവഴിച്ചത്. ഏതാണ്ട് 10000 കോടി രൂപയാണ് ചെലവാക്കാതെ കിടക്കുന്നത്.