മുംബൈ : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്ക്. പരാതിക്കാരിയായ യുവതിയും ബിനോയിയും കേസ് നടപടികൾ അവസാനിപ്പിക്കാൻ ഉടനെ കോടതിയിൽ അപേക്ഷ നൽകും. ഒത്തുതീര്‍പ്പിനെക്കുറിച്ച് പ്രതികരിക്കാൻ പരാതിക്കാരിയായ യുവതി തയ്യാറായിട്ടില്ല. കുട്ടിയുടെ ഭാവി മുൻനിര്‍ത്തി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലേക്ക് എത്തി എന്നാണ് ഇരുവരും കോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ പറയുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോൾ പരസ്യമായി പറയാനാകില്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. പരാതിക്കാരിയായ യുവതി പ്രതികരണത്തിന് തയ്യാറായിട്ടില്ല.
പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നൽകാൻ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഒടുവിൽ ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാൻ ഇരുകൂട്ടരും കൂടി കോടതിയിൽ അപേക്ഷ നൽകിയത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിട്ടു.
Benoy Kodiyeri has reached a settlement with the complainant in the harassment complaintഇതേ തുടര്‍ന്ന് നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം രണ്ട് വര്‍ഷമായി കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഇതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പാവുന്നത്. കുട്ടിയുടെ ഭാവി മുൻനിര്‍ത്തിയാണ് ഒത്തുതീര്‍പ്പിലേക്ക് പോകുന്നത് എന്ന് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്. കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതിയും എഫ്ഐആര്‍ റദ്ദാക്കണമെന്ന് ബിനോയിയും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഇതൊരു ക്രിമിനൽ കേസ് ആയതിനാൽ വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.