ദില്ലി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു. രാജസ്ഥാനിലെ ജലോര്‍, ബാര്‍മര്‍ ജില്ലകളിലെ പല പ്രദേശങ്ങളിലും ബിപോര്‍ജോയിയുടെ സ്വാധീനം കനത്ത മഴയ്ക്ക് കാരണമായിട്ടുണ്ട്. ഇരുജില്ലകളിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായാകും ബിപോര്‍ജോയ് രാജസ്ഥാനില്‍ പ്രവേശിക്കുക. സംസ്ഥാനത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പ്രദേശങ്ങളില്‍ 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജസ്ഥാനിലെ പലമേഖലകളിലും 60 മുതല്‍ 70 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ വരെ ജലോറില്‍ 69 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഗുജറാത്തില്‍ കരതൊട്ട കാറ്റ് ഏഴുമണിക്കൂറോളം ആഞ്ഞുവീശിയാണ് രാജസ്ഥാന്‍ മരുഭൂമി ലക്ഷ്യമാക്കി നീങ്ങിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ജയ്സാല്‍മിര്‍, ബാര്‍മര്‍, ജലോര്‍, ജോധ്പൂര്‍ ഉദയ്പൂര്‍, അജ്മീര്‍ പ്രദേശങ്ങളില്‍ ശനിയാഴ്ചയും മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.