റിയാദ്: സൗദി അറേബ്യയിൽ പക്ഷി – മൃഗാദികളെ വേട്ടയാടുന്നതിനുള്ള പുതിയ കാലയളവ് പ്രഖ്യാപിച്ചു. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരതക്ക് തടസം വരാത്തവിധം ജൈവ വൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾക്കനുസൃതമായി സെപ്റ്റംബർ ഒന്ന് മുതൽ ജനുവരി 31 വരെ നിർദിഷ്ട പ്രദേശങ്ങളിൽ മൃഗവേട്ട അനുവദിക്കും.
നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (എൻ.സി.ഡബ്ല്യു) അധികൃതരാണ് ചൊവ്വാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വേട്ടയാടൽ സീസണിന്റെ പുതിയ തീയതി പ്രഖ്യാപിച്ചത്. ഭൂമിശാസ്തപരമായ നിയന്ത്രണങ്ങൾ, ഏറ്റവും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവര ശേഖരണം, അന്താരാഷ്ട്ര നായാട്ട് മാനദണ്ഡങ്ങൾ, പഠനങ്ങൾ എന്നിവയും വിദഗ്ധരുടെ ഉപദേശങ്ങളും അടിസ്ഥാനമാക്കിയാണ് അഞ്ചുമാസത്തെ അനുമതിയെന്ന് അധികൃതർ വ്യക്തമാക്കി.