ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ കര്‍ഷകര്‍ ആശങ്കയില്‍. ക്രിസ്മസ്, പുതുവത്സര വിപണി ലക്ഷ്യമിട്ട് ആരംഭിച്ച താറാവുകൃഷി പക്ഷിപ്പനി കാരണം നഷ്ട ഭീഷണിയിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. തകഴി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവ് ചെയ്യാനാണ് തീരുമാനം. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. രോഗകാരണം എച്ച്5എന്‍1 വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടാഴ്ചകള്‍ക്കു മുന്‍പ് പുറക്കാട്, തകഴി പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ താറാവ് വളര്‍ത്തല്‍ കേന്ദ്രമായ കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖല കടുത്ത ആശങ്കയിലായി. ക്രിസ്തുമസ്-പുതുവത്സ വിപണി ലക്ഷ്യമിട്ട് വളര്‍ത്തുന്ന രണ്ട് ലക്ഷത്തോളം താറാവുകളാണ് മേഖലയിലുള്ളത്. വരും ദിവസങ്ങളില്‍ പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നാല്‍ ഇവയെ ഒന്നാകെ കൊന്ന് കുഴിച്ചു മൂടുക മാത്രമാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ള മാര്‍ഗം. വായുവിലൂടെ അതിവേഗം പകരുന്നതിനാല്‍ പക്ഷികളില്‍ രോഗം വ്യാപിക്കുവാനുള്ള സാധ്യത ഏറെയാണ്.
കുട്ടനാടന്‍ മേഖലയില്‍ താറാവുകളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിന്നും നൂറുകണക്കിന് താറാവുകളെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നെല്‍കൃഷി മേഖലകളിലേക്ക് മാറ്റിയിട്ടുണ്ട്. 2014, 2016 വര്‍ഷങ്ങളില്‍ ജില്ലയില്‍ വ്യാപിച്ച പക്ഷിപ്പനി കാരണം അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ലക്ഷക്കണക്കിന് താറാവുകളാണ് ചത്തത്. നൂറുകണക്കിന് താറാവുകളെ കൊല്ലുകയും അവയുടെ മുട്ടകള്‍ പ്രതിരോധമെന്ന നിലയില്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ പക്ഷിപ്പനി മൂലവും മെയ് മാസത്തില്‍ ബാക്റ്റീരിയ ബാധ മൂലവും ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. അടിക്കടി ഉണ്ടാകുന്ന രോഗബാധ താറാവ് കര്‍ഷകര്‍ക്ക് വന്‍ ബാധ്യതയായി മാറിയിട്ടുണ്ട്. ഇതിനിടെ പക്ഷിപ്പനി പടരുന്നത് ദേശാടനപ്പക്ഷികളില്‍ കൂടിയാണെന്ന കണ്ടെത്തലോടെ ഇവ കൂട്ടമായി വിരുന്നെത്തി ചേക്കേറിയിരിക്കുന്ന നാലുചിറ, കാരമുട്ട്, ആയാപറമ്പ് പാണ്ടി, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഇവയെ ഒഴിപ്പിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.