ബെയ്ജിങ് : സാമ്പത്തികവളര്‍ച്ചയില്‍ നേരിട്ട തിരിച്ചടിക്കൊപ്പം ജനനനിരക്കിലും ചൈന ഏറെ പിന്നോട്ടുപോകുന്നതായി കണക്കുകള്‍. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കില്‍ പറയുന്നു. 2021 ല്‍ ആയിരം പേര്‍ക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് 2021 ല്‍ രേഖപ്പെടുത്തിയത്. 2020 ല്‍ ആയിരം പേര്‍ക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്. ജനസംഖ്യ കുറയുന്നതിനെ മറികടക്കാന്‍ മൂന്നുകുട്ടികള്‍ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ഓഗസ്റ്റില്‍ ചൈന അംഗീകാരം നല്‍കിയിരുന്നു. ജനസംഖ്യ കണക്കെടുപ്പില്‍ യുവാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് ചൈന നിയമം തിരുത്തിയെഴുതിയത്. രാജ്യത്തെ യുവാക്കള്‍ക്ക് വിവാഹിതരാവാനും കുട്ടികളുണ്ടാകാനും താത്പര്യം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്.
ഉയര്‍ന്ന ജോലി സമ്മര്‍ദം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്രം, ഉയര്‍ന്ന ജീവിത ചെലവ് തുടങ്ങിയ ഘടകങ്ങളും ജനനനിരക്കിനെ സ്വാധീനിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ബാധ്യതയാകുമെന്ന് കരുതിയാണ് പല ദമ്പതികളും ഒന്നിലധികം കുട്ടികളെന്ന ആഗ്രഹം ഉപേക്ഷിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി നടപ്പാക്കിയ ഒറ്റക്കുട്ടി നയം 400 ദശലക്ഷത്തികം ജനനങ്ങള്‍ തടഞ്ഞുവെന്ന് ചൈനീസ് അധികൃതരുടെ അവകാശവാദം.