കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഘം ചെയ്തുവെന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ സെന്ററിൽ പാട്ടുകുർബാന അർപ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. പ്രാർഥനയ്ക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടെന്നും സത്യത്തെ സ്നേഹിക്കുന്നവർ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു. വിധി കേൾക്കാനായി വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് കോടതി മുറിയിലെത്തിയിരുന്നു. 105 ദിവസത്തെ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ കേസിൽ വിധി പ്രസ്താവിച്ചത്.
ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്. ഈ കേസുകളിലെല്ലാം കോടതി ബിഷപ്പിനെ കുറ്റവിമുക്തമാക്കി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിക്കുന്നതായും ജലന്ധർ രൂപത പ്രസ്താവനയിൽ അറിയിച്ചു. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.




















