റിയാദ്: സമാധാനവും സ്നേഹവും പ്രചരിപ്പിക്കുന്നതിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമെന്ന് വിയന്ന ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ക്രിസ്റ്റോഫ് ഷോൺബ്രൂൺ പറഞ്ഞു. സൗദി അറേബ്യ സന്ദർശിക്കാൻ എത്തിയ അദ്ദേഹം മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖിന്റെ ഓഫീസിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
ഇസ്‌ലാം ആവിർഭവിച്ച പുണ്യഭൂമിയായ രാജ്യം സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലോകത്തിന് നന്മയും സമാധാനവും പ്രദാനം ചെയ്യുന്ന ഈ അനുഗ്രഹീത രാജ്യം സ്ഥാപിതമായതിന്റെ ചിരകാല സ്മരണകൾ അയവിറക്കുന്ന വേളയിൽ എന്റെ സന്ദർശനം ഒത്തുവന്നത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ഓസ്ട്രിയയിലെ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള സഹവർത്തിത്തവും സഹകരണവും വർദ്ധിപ്പിക്കുന്നതിന് നടത്തിയ അനുഭവങ്ങൾ ബിഷപ്പ് പങ്കുവെച്ചു.
ഓഫീസിലെത്തിയ കർദ്ദിനാളിനെ മതകാര്യ വകുപ്പ് മന്ത്രി സ്വാഗതം ചെയ്തു. തുടർന്ന് ഇരുകൂട്ടരും നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. വിദ്വേഷവും തീവ്രവാദ ആശയങ്ങളും നേരിടുന്നതിൽ മതനേതാക്കൾ തമ്മിലുള്ള സഹകരണവും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ, സഹിഷ്ണുതയും സഹവർത്തിത്വവും പ്രചരിപ്പിക്കുന്നതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ ചർച്ചയായി.