ചെന്നൈ : തമിഴ്നാട്ടിൽ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെയാണ് മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട ബിഷപ്പിന്‍റെ അറസ്റ്റും മണൽ ഖനനവും വിവാദമാകുന്നത്. ഭരണ മുന്നണിയിലാണെങ്കിലും തമിഴ്നാട് ക്രൈംബ്രാഞ്ച് നടപടിയെ ശക്തമായി എതിർക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ഭരണത്തിൽ ഭാഗമായ ഇടതുമുന്നണി നടപടികളെ പിന്തുണക്കുന്നു. കന്യാകുമാരി, തൂത്തുകുടി, തിരുനെൽവേലി തെക്കൻ തമിഴ്നാട്ടിൽ നിർണായകമായ കത്തോലിക്കാ വോട്ടുകൾ ഡിഎംകെയുടെയും വോട്ട് ബാങ്കാണ്. മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് തോമസ് മാർ ഐറേനിയസിനെയും അഞ്ച് വൈദികരെയും അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. തിരുനെൽവേലി ജില്ലയിൽ സഭാ ഭൂമിയിലെ മണൽക്കടത്തിൽ മണൽക്കൊള്ള, ക്രിമിനൽ ഗൂഢാലോചന അടക്കം കടുത്ത വകുപ്പുകളാണ് ബിഷപ്പിനെതിരെ തമിഴ്നാട് സിബിസിഐഡി ചുമത്തിയത്.
അന്വേഷണത്തിന് ബിഷപ്പിനെയും വൈദികരെയും തിരുനെൽവേലി വരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയതത് ഭരണമുന്നണിയിലെ രാഷ്ട്രീയകേന്ദ്രങ്ങളെ അടക്കം ഞെട്ടിച്ചു. തെരഞ്ഞെടുപ്പാണെങ്കിലും തമിഴ്നാട്ടിലാകെ കൈകൊള്ളുന്ന പരിസ്ഥിതി സംരക്ഷണ നിലപാടുകളിൽ വെള്ളംചേർക്കേണ്ട എന്നാണ് സിപിഎം നിലപാട്. ഡിഎംകെ പ്രാദേശിക നേതാക്കൾ ബിഷപ്പിന്‍റെ അറസ്റ്റിൽ സർക്കാരിനെ ആശങ്കയറിയിച്ചിട്ടുണ്ട്. ബിഷപ്പ് സാമുവൽ മാർ ഐറേനിയസിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ഇടപെട്ടത് തമിഴ്നാട് സ്പീക്കർ എം അപ്പാവുവാണ്. എഐഎഡിഎംകെ പരസ്യമായ നിലപാട് ഇതുവരെ എടുത്തിട്ടില്ല. അതേസമയം ബിഷപ്പ് ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ നാങ്കുനേരിയിലെ കോണ്‍ഗ്രസ് എംഎൽഎ റൂബി മനോഹരൻ സന്ദർശിച്ചതും വിവാദമായി.