തിരുവനന്തപുരം: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്ന് ബിജെപി. മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ശിവരാജ്സിംഗ് ചൗഹാൻ തുടരട്ടെ എന്നാണ് നിലവിലെ ധാരണ. പുതുമുഖത്ത കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിച്ചെങ്കിലും , ചൗഹാന്‍റെ ജനപ്രീതി പരിഗണിച്ചേക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും നരേന്ദ്ര സിംഗ് തോമറും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്നവരാണ്.
രാജസ്ഥാനിൽ വസുന്ധരരാജെ സിന്ധ്യ, ബാബ ബാലക്നാഥ്, ഗജേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഛത്തീസ്‌ഗഡിൽ രമൺ സിംഗ്, അരുൺ സാഹോ, രേണുക സിംഗ്, ഒ.പി.ചൗധരി എന്നിവരാണ് പരിഗണനയിൽ. റായ്പുരിൽ എത്തിയ കേന്ദ്ര മന്ത്രി മൺസൂഖ് മാണ്ഡ്യവ്യയും ഓം മാത്തൂരും എംഎൽഎമാരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. അതേസമയം തെലങ്കാനയിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായം ഈ യോഗത്തിൽ തേടും. രേവന്ത് റെഡ്ഡിയുടേയും ഡികെ ശിവകുമാറിന്‍റേയും നേതൃത്വത്തിൽ എംഎൽഎമാര്‍ ഇന്നലെ ഗവർണറ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.
മിസോറമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ എംഎൻഎഫും പുതിയതായി രൂപീകരിച്ച സോറം പീപ്പിൾസ് മൂവ്മെന്റും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. സോറംതങ്ക മുഖ്യമന്ത്രിയായ എംഎൻഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണ്. സംസ്ഥാനത്ത് സോറം പീപ്പിൾസ് മൂവ്മെന്റ് മുന്നേറ്റം ഉണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ആർക്കും കേവല ഭൂരിപക്ഷം കിട്ടാത്ത തൂക്ക് സഭയാകും വരിക എന്നും വിലയിരുത്തലുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംഎൻഎഫ് 26 സീറ്റിലും കോൺഗ്രസ് അഞ്ചിടത്തും ബിജെപി ഒരു സീറ്റിലും സ്വതന്ത്രർ 8 സീറ്റിലുമാണ് ജയിച്ചത്. ഈ സ്വതന്ത്രരെല്ലാം ചേർന്ന് 2019ൽ രൂപീകരിച്ചതാണ് സോറം പീപ്പിൾസ് മൂവ്മെന്റ്, കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഈ പാര്‍ട്ടി വൻ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത്, വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ട പ്രകാരമാണ് വോട്ടെണ്ണൽ ഞായറാഴ്ചയിൽ നിന്ന് ഇന്നത്തേക്ക് മാറ്റിയത്.