മണിപ്പൂർ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ബിജെപി. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സംസ്ഥാന സന്ദർശനത്തെ ഞാൻ അഭിനന്ദിക്കുന്നു. വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ നിലവിലെ അവസ്ഥയെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മണിപ്പൂർ സംസ്ഥാന അധ്യക്ഷ ശാരദാ ദേവി പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലും ആകണം ശ്രദ്ധയെന്നും അവർ ന്യൂസ് ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
വ്യാഴാഴ്ച രാഹുൽ ഗാന്ധി ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും പിറ്റേദിവസം, ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗിലും സന്ദർശനം നടത്തിയിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളോടും പൌര പ്രമുഖരോടും സ്ത്രീകളോടും അദ്ദേഹം സംസാരിച്ചിരുന്നു. തുടർന്ന് സംസ്ഥാന ഗവർണർ അനുസൂയ യുകെയുമായി രാഹുൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മണിപ്പൂരിലെ എന്റെ എല്ലാ സഹോദരങ്ങളെയും കേൾക്കാനാണ് ഞാൻ വന്നത്. എല്ലാവരും നല്ല സ്നേഹത്തോടെയുള്ള സ്വീകരണമാണ് നൽകിയത്. മണിപ്പൂരിന് വേണ്ടത് സമാധാനവും ശാന്തിയുമാണ്. അതിന് മാത്രമാണ് ഞങ്ങളുടെ മുൻഗണന. യാത്ര ചെയ്യുന്നതിൽ നിന്ന് സർക്കാർ എന്നെ തടയുന്നത് വളരെ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.
മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ആരംഭിച്ചതിന് പിന്നാലെ പ്രശ്നങ്ങളുണ്ടായിരുന്നു. കലാപ ബാധിത പ്രദേശത്തേക്ക് പോകാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കത്തെ പൊലീസ് തടഞ്ഞതാണ് തുടക്കത്തിൽ സംഘർഷത്തിൽ കലാശിച്ചത്. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ, വ്യോമമാർഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. പ്രതിഷേധം നേരിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഹെലികോപ്ടറിലാണ് പിന്നീട് രാഹുല്‍ ചുരാചന്ദ്പൂരിലും ഇന്ന് മെയ്ത്തെയ് ക്യാമ്പുകളിലും എത്തിയത്.