മംഗളൂരു: ബൈന്തൂർ നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചുവെന്ന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പൊലീസ് മറ്റൊരു മഠത്തിലെ സ്വാമിക്കെതിരെ നോട്ടീസ് അയച്ചു. ദക്ഷിണ കന്നട ജില്ലയിൽ ഗുരുപുര വജ്രദേഹി മഠം സ്വാമി രാജശേഖരാനന്ദക്കാണ് ക്രൈം ബ്രാഞ്ച് ബംഗളൂരു അസി.പൊലീസ് കമ്മീഷണർ റീന സുവർണ നോട്ടീസ് അയച്ചത്.
മൂന്ന് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായി മൊഴി നൽകാൻ നോട്ടീസിൽ നിർദേശിച്ചു. കേസിലെ മുഖ്യ പ്രതി ചൈത്ര കുന്താപുരയുടെ കോഴ ഇടപാട് സംബന്ധിച്ച് തനിക്ക് നേരത്തെ വിവരമുണ്ടെന്ന് രാജശേഖരാനന്ദ അടുപ്പക്കാരോട് പറഞ്ഞിരുന്നു.ഇത് വാർത്തകളായി വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായി അറിയാവുന്ന കാര്യങ്ങൾ കൈമാറുമെന്ന് സ്വാമി പ്രതികരിച്ചു.
കോഴക്കേസിൽ വിജയ നഗര ജില്ലയിലെ ഹാലസ്വാമി മഹാസ്ഥാന മഠത്തിലെ സ്വാമി അഭിനവ ഹാലശ്രീ മൂന്നാം പ്രതിയാണ്. കഴിഞ്ഞ മാസം 12ന് ചൈത്ര കുന്താപുര അറസ്റ്റിലായതിനെത്തുടർന്ന് ഒളിവിൽ പോയ അഭിനവ സ്വാമിയെ ഒഡീഷയിൽ നിന്നാണ് പിന്നീട് അറസ്റ്റ് ചെയ്തത്. മഠത്തിൽ നടത്തിയ പരിശോധനയിൽ 56 ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ പിടിച്ചെടുത്തിരുന്നു. അഭിനവ സ്വാമിക്ക് ഒന്നര കോടി രൂപ ആദ്യ ഗഡുവായി നൽകി എന്ന് ബൈന്തൂർ സീറ്റ് മോഹിയായ വ്യവസായി ഗോവിന്ദ ബാബു പൂജാരി പരാതിയിൽ പറഞ്ഞിരുന്നു.ഇതിൽ 50 ലക്ഷം രൂപ തിരിച്ചു നൽകി എന്നാണ് സ്വാമി പൊലീസിനെ അറിയിച്ചത്. കേസിലെ പ്രതികൾ റിമാൻഡിൽ കഴിയുകയാണ്.