ദില്ലി: പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപിയെ തോൽപ്പിക്കാൻ നിർദ്ദേശങ്ങളുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം അസ്ഥിരവും പ്രത്യയശാസ്ത്രപരമായി ബിജെപിയിൽ നിന്ന് വളരെ വ്യത്യസ്ഥവുമാണ്. അതിനാൽ തന്നെ ബിജെപിയെ 2024ൽ താഴെയിറക്കുക എന്നത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രാവർത്തികമാകില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നീക്കത്തെ അദ്ദേഹം വിലയിരുത്തിയത്.
എന്താണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങൾ?. പ്രതിപക്ഷ ഐക്യം എന്നത് ഒരു മുഖമുദ്രയാണെന്നും പാർട്ടികളെയോ നേതാക്കളെയോ ഒരുമിച്ച് കൊണ്ടുവന്നത് കൊണ്ട് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ വെല്ലുവിളിക്കണമെങ്കിൽ ബിജെപിയുടെ ദൗർബല്യങ്ങൾ മനസ്സിലാക്കണം – ഹിന്ദുത്വ, ദേശീയത, ക്ഷേമവാദം എന്നീ മൂന്ന് നിലകളുള്ള ഒരു തൂണാണ് ബിജെപിക്കുള്ളത്. ഈ രണ്ട് തലങ്ങളെങ്കിലും അവർക്ക് ബിജെപിയെ ലംഘിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർക്ക്
ബിജെപിയെ വെല്ലുവിളിക്കാൻ കഴിയില്ല. ”പ്രശാന്ത് കിഷോർ പറഞ്ഞു.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങൾ ഒന്നിക്കണം. എന്നാൽ ഗാന്ധിവാദികൾ, അംബേദ്കറിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ എന്നിങ്ങനെയുള്ള പ്രത്യയശാസ്ത്രങ്ങൾ വളരെ പ്രധാനപ്പെട്ടതാണെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അന്ധമായ വിശ്വാസം ഉണ്ടാകരുതെന്നും പ്രശാന്ത് കിഷോർ പറയുന്നു. പ്രതിപക്ഷ പാർട്ടികളുടെയോ നേതാക്കളുടേയോ ഒരുമിച്ചുള്ള ചായസൽക്കാരത്തേയും വിരുന്നിനേയുമൊക്കെ ഞാൻ പ്രതിപക്ഷ ഐക്യമായാണ് കാണുന്നത്. എന്നാൽ ഇതുവരേയും ഒരു ആശയപരമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ ബിജെപിയെ തോൽപ്പിക്കാനോ താഴെയിറക്കാനോ പ്രതിപക്ഷത്തിന് കഴിയില്ലെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
അതേസമയം, 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബിജെപി, കോണ്‍ഗ്രസ് പാർട്ടികളുടെ ഭാഗമല്ലാത്ത മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ രൂപീകരിക്കാനാണ് കെജ്രിവാള്‍ ശ്രമം നടത്തിയത്. എന്നാല്‍ അദ്ദേഹം അയച്ച ക്ഷണക്കത്തുകള്‍ക്ക് നേതാക്കളിൽ നിന്ന് തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായതെന്നാണ് വിവരം.
കേന്ദ്രസർക്കാരുമായി കലഹം തുടരുന്ന കെജ്രിവാൾ രാജ്യത്തെ ഏഴ് മുഖ്യമന്ത്രിമാർക്കാണ് ക്ഷണക്കത്തയച്ചത്. മാർച്ച് 18ന് ദില്ലിയിലേക്ക് എത്താനായിരുന്നു ക്ഷണം. ഫെബ്രുവരി 5നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഉൾപ്പടെയുളളവർക്ക് കത്തയച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനാരോഗ്യം മൂലം തനിക്കെത്താനാവില്ലെന്ന് പ്രതികരിച്ചു. ബിജെപി, കോൺഗ്രസ് പാർട്ടികളെ ഒഴിവാക്കി ഒരു മൂന്നാം മൂന്നണി നീക്കത്തിന് തുടക്കം മുതൽ താല്പര്യം പ്രകടിപ്പിച്ച വ്യക്തിയാണ് ചന്ദ്രശേഖർ റാവു. എന്നാൽ മറ്റ് പ്രതിപക്ഷ പാർട്ടികളുെട തണുപ്പൻ പ്രതികരണം മൂലം അദ്ദേഹം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.