തൃക്കാക്കര : തൃക്കാക്കര തെരെഞ്ഞടുപ്പിന് പിന്നാലെ ബിജെപിയിൽ തമ്മിലടി. പി കെ കൃഷ്ണദാസ് വിഭാഗം സഹകരിച്ചില്ലെന്ന് ബിജെപി ഔദ്യോഗിക വിഭാഗം വ്യക്തമാക്കി. നേതൃത്വത്തിന്റെ തെരെഞ്ഞെടുപ്പ് സ്ട്രാറ്റജി പരാജയപ്പെട്ടെന്ന് പി കെ കൃഷ്ണദാസ് പക്ഷം വിമർശിച്ചു. കനത്ത പരാജയത്തിന്റെ വിശദീകരണം നൽകണമെന്ന് ചുമതലക്കാരോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഏകോപനം നടന്നില്ല പ്രചാരണം ജനങ്ങളുടെ അടുത്തേക്ക് എത്തിയിട്ടില്ല. ഘടക കക്ഷികൾക്ക് പരിഗണന നൽകിയില്ല തുടങ്ങിയ ആരോപണങ്ങളാണ് പി കെ കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന് ചുമതലയുണ്ടായിരുന്ന തമ്മനം മേഖലയിൽ വോട്ട് കുറഞ്ഞു എന്ന് ഔദ്യോഗിക പക്ഷം ആരോപിക്കുന്നു. സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ നേതൃത്വവുമായി സഹകരിക്കാതെ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന് സ്വന്തം ഗ്രൂപ്പുകാരെ തിരുകി കയറ്റിയെന്നും വിമർശിച്ചു.
കൂടാതെ തൃക്കാക്കരയിൽ ബിജെപി വോട്ട് ചോർന്നത് സംസ്ഥാന നേതൃത്വത്തിൻറെ അറിവോടെയാണ് എന്നതാണ് സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിൻറെ നിലപാട്. തൃക്കാക്കരയിൽ ബിജെപി ഇത്തവണ ഇറക്കിയത് സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ മുതിർന്ന നേതാവ് എ. എൻ രാധാകൃഷ്ണനെ. എന്നാൽ കഴിഞ്ഞ തവണ പ്രാദേശിക നേതാവ് മത്സരിച്ചപ്പോൾ നേടിയ വോട്ട് പോലും നേടാനായില്ല. കെട്ടിവച്ച കാശ് പോലും പോയ അവസ്ഥയിലെത്തി ബിജെപി. വോട്ട് ചോർച്ചയുണ്ടായത് സംസ്ഥാന നേതൃത്വത്തിൻറെ അറിവോടെയാണ്. ഇതാണ് സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിൻറെ നിലപാട്. ഇത് അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി കൂടിയായ വി.മുരളീധരനും വ്യക്തമാക്കി.