തലശേരി : സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയായി ബി.ജെ.പി നഗരസഭാ കൗൺസിലറുടെ പ്രസംഗം. തലശേരി നഗരസഭയിലെ ബി.ജെ.പി കൗൺസിലറായ ലിജേഷ് കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സി.പി.എം നേതാക്കളുൾപ്പടെയുള്ളവർ ഈ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ഹരിദാസന്റെ കൊലപാതകത്തിൽ ബി.ജെ.പി നേതൃത്വത്തിന് പങ്കുള്ളതായി ആരോപിക്കുന്നത്. പ്രദേശത്തെ ബി.ജെ.പി ഓഫീസിന് മുന്നിൽ നടന്ന പരിപാടിയിലാണ് ലിജേഷ് പ്രസംഗം നടത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്റെ തുടർച്ചയായി നടന്ന പരിപാടിയാണിത്. സി.പി.എം പ്രവർത്തകർക്കെതിരെ അക്രമം നടത്തുമെന്ന് സൂചന നൽകുന്നതാണ് ലിജേഷിന്റെ പ്രസംഗമെന്ന് സിപിഎം ആരോപിക്കുന്നു.
തങ്ങളുടെ പ്രവർത്തകരുടെ മേൽ കൈവെച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാമെന്ന് പ്രസംഗത്തിൽ ലിജേഷ് പറയുന്നു. ഏത് രീതിയിലാണ് കൈകാര്യം ചെയ്യുക എന്നത് കഴിഞ്ഞ കാലത്തെ ചരിത്രം പരിശോധിച്ചാൽ സി.പി.എം നേതാക്കൾക്ക് മനസ്സിലാകുമെന്നും ഇയാൾ പറയുന്നുണ്ട്. ലിജേഷാണ് ഹരിദാസന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ ആരോപിച്ചു. ബി.ജെ.പിയുടെ ഉയർന്ന നേതാവാണ് ലിജേഷ്. അതിനാൽ ജില്ലാ- സംസ്ഥാന നേതൃത്വത്തിനും കൊലപാതകത്തിൽ പങ്കുണ്ട്. നേതൃത്വത്തിന്റെ അറിവും പങ്കും ഹരിദാസിന്റെ കൊലപാതത്തിലുണ്ടെന്ന് വ്യക്തമാണെന്നും ജയരാജൻ പറഞ്ഞു.